ചേരാനല്ലൂർ ബെൻസ് അപകടം: ജഡ്ജിക്ക് ജാമ്യം നൽകിയതിനെതിരെ കുടുംബം സുപ്രീം കോടതിയിലേക്ക്; പൊലീസിനോട് കടുപ്പിച്ച് അഡീഷണൽ സെഷൻസ് കോടതി

 ചേരാനല്ലൂർ ബെൻസ് അപകടം: ജഡ്ജിക്ക് ജാമ്യം നൽകിയതിനെതിരെ കുടുംബം സുപ്രീം കോടതിയിലേക്ക്; പൊലീസിനോട് കടുപ്പിച്ച് അഡീഷണൽ സെഷൻസ് കോടതി

കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ഓടിച്ച മെഴ്‌സിഡസ് ബെൻസ് കാറിടിച്ച് ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിയായ 17കാരന്റെ പിതാവായ സെഷൻസ് ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഇരയുടെ കുടുംബം. ജയബാലകൃഷ്ണന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് ഹൈക്കോടതി വിധി വന്നതെന്നും ഇത് നെഞ്ചിൽ കുത്തിയതുപോലെയാണ് അനുഭവപ്പെട്ടതെന്നും മകൾ ഭദ്ര കീർത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും അവർ വ്യക്തമാക്കി.

അതിനിടെ, പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപ് ജാമ്യം അനുവദിച്ചതിനെതിരെയുള്ള പ്രോസിക്യൂഷന്റെ അപ്പീൽ എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി പരിഗണിച്ചു. ജഡ്ജി കവിത ഗംഗാധരൻ കേസിൽ പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നടപടികളിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചു.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങളിൽ ബി.എൻ.എസ് 105-ാം വകുപ്പ് (നരഹത്യ) ചുമത്താറുണ്ടോ എന്ന് കോടതി പരിശോധിച്ചു. കേരളത്തിൽ രജിസ്റ്റർ ചെയ്ത സമാനമായ കേസുകളുടെ എഫ്.ഐ.ആർ വിവരങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് നിർദ്ദേശിക്കുകയും ചെയ്തു. ഈ കേസിൽ മാത്രമാണോ ഈ വകുപ്പ് ചുമത്തിയതെന്ന് അറിയാനാണ് ഈ നിർദ്ദേശം. സമാന കേസുകൾ കണ്ടെത്താനായില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ അതിന് തൃപ്തികരമായ വിശദീകരണം നൽകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. കൂടാതെ, പ്രായപൂർത്തിയാകാത്തവരുടെ കേസുകൾ പരിഗണിക്കാൻ ജില്ലയിൽ പ്രത്യേക കോടതി നിലവിലുള്ളപ്പോൾ പ്രോസിക്യൂഷൻ ആദ്യം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News