തെരഞ്ഞെടുപ്പ് തിരിച്ചടി ; ജനവിശ്വാസം വീണ്ടെടുക്കും: പിണറായി വിജയൻ

 തെരഞ്ഞെടുപ്പ് തിരിച്ചടി ; ജനവിശ്വാസം വീണ്ടെടുക്കും: പിണറായി വിജയൻ

By: TS TVM


തിരുവനന്തപുരം
നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി ആദരവോടെ സ്വീകരിക്കുന്നുവെന്നും കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ കൂടുതൽ ശക്തമായി ഇടതുപക്ഷം തിരിച്ചുവരുമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫിന് ഈ ജനവിധി അവസാനമല്ല, തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണെങ്കിലും എല്ലാ എതിർപ്രചാരണങ്ങൾക്കും ഇടയിലും എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ പിണറായി, മൂന്നാംവട്ടം തുടർച്ചയായ വിജയം കൈവിട്ടെങ്കിലും വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നത് ആത്മവിശ്വാസം നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും നിലച്ചുപോകാതിരിക്കാൻ ജനജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കാനും സഖാക്കളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകളും വിമർശനങ്ങളും ഗൗരവമായി പരിശോധിക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. തെറ്റായ പ്രചരണത്തിൽ കുടുങ്ങിയവരെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ശ്രമുണ്ടാകും. നുണക്കഥകളും വ്യാജപ്രചാരണങ്ങളും പിന്നോട്ടടിപ്പിക്കില്ലെന്നും വീഴ്ചകൾ ജനാധിപത്യപരമായി പരിശോധിച്ച് തിരുത്തുമെന്നും പിണറായി ഉറപ്പുനൽകി.

നവകേരള നിർമ്മാണത്തിന്റെ കാഴ്ചപ്പാടുകളായ വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹ്യനീതി, പൊതുആരോഗ്യം, വിദ്യാഭ്യാസം എന്നിവ ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. അതിദാരിദ്ര്യ നിർമാർജനം, സ്ത്രീശക്തീകരണം, സാമൂഹ്യസുരക്ഷ എന്നീ നയങ്ങൾ നടപ്പിലാക്കാൻ പുതിയ സർക്കാരിന്മേൽ ജനാധിപത്യ സമ്മർദ്ദം ചെലുത്തും.

ജനവിരുദ്ധ നടപടികൾക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് പിണറായി വ്യക്തമാക്കി. കേരളത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News