ഭരണമാറ്റത്തിന് പിന്നാലെ വൻ അഴിച്ചുപണി; സംസ്ഥാനത്ത് 47 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
BY:TS TVM
തിരുവനന്തപുരം:
സംസ്ഥാനത്ത് ഭരണമാറ്റത്തിന് തൊട്ടുപിന്നാലെ സിവിൽ സർവീസ് തലത്തിൽ വൻ അഴിച്ചുപണി. 47 മുതിർന്ന ഐ.എ.എസ് (IAS) ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും വിവിധ വകുപ്പുകളുടെ അധിക ചുമതലകൾ നൽകിയും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ജി.ഓ.(ആർ.ടി) നമ്പർ 2847/2026/ജി.എ.ഡി ഉത്തരവിലാണ് ഈ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണപരമായ കാര്യക്ഷമതയും വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കാൻ ചില തസ്തികകൾ താൽക്കാലിക എക്സ്-കേഡർ പദവിയാക്കിയാണ് പുതിയ നിയമനങ്ങൾ നടത്തിയിട്ടുള്ളത്.
പ്രധാന സ്ഥലംമാറ്റങ്ങളും ചുമതലകളും താഴെ പറയുന്നപ്രകാരമാണ്:
അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിൽ:
- ബിശ്വനാഥ് സിൻഹ IAS: ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പദവിക്ക് പുറമെ കയർ വികസനം, ഭവനനിർമ്മാണം എന്നീ വകുപ്പുകളുടെ പൂർണ്ണ അധിക ചുമതല നൽകി. തീരദേശ ഷിപ്പിംഗ്-ഉൾനാടൻ ജലഗതാഗത വകുപ്പിൽ നിന്ന് ഒഴിവാക്കി.
- കെ.ആർ. ജ്യോതിലാൽ IAS: ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് ചുമതലയും സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറിയുടെ പൂർണ്ണ അധിക ചുമതലയും നൽകി. നികുതി, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്നിവയിൽ തുടരും.
- മിൻഹാജ് ആലം IAS: കെ.എസ്.ഇ.ബി (KSEB) ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റി കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറായും നിയമിച്ചു. കായികം, യുവജനക്ഷേമം, മ്യൂസിയം-ആർക്കൈവ്സ് അധിക ചുമതലയുമുണ്ട്. വനം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകളിൽ നിന്ന് ഒഴിവാക്കി.
- ഡോ. രാജൻ എൻ. ഖോബ്രഗഡെ IAS: ആരോഗ്യ-കുടുംബക്ഷേമ വകുപ്പിലും ആയുഷ് വകുപ്പിലും തുടരും. സാംസ്കാരികം, ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പുകളിൽ നിന്ന് ഒഴിവാക്കി.
പ്രിൻസിപ്പൽ സെക്രട്ടറിമാർ / സെക്രട്ടറിമാർ:
- എം.ജി. രാജമാണിക്കം IAS: റവന്യൂ-ദുരന്തനിവാരണ വകുപ്പിൽ നിന്നും കെ.എസ്.ഇ.ബി (KSEB) പുതിയ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. പവർ, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പുകളുടെ സെക്രട്ടറി ചുമതലയും ഇദ്ദേഹത്തിനാണ്. ദേവസ്വം ചുമതലയിൽ തുടരും.
- ടി.വി. അനുപമ IAS: തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും ഗതാഗത വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. മെട്രോ റെയിൽ, എയർപോർട്ടുകൾ, പട്ടികജാതി-പട്ടികവർഗ്ഗ വികസനം എന്നിവയുടെ അധിക ചുമതലയുമുണ്ട്.
- ബിജു കെ IAS: പൊതുമരാമത്ത് വകുപ്പിൽ നിന്നും വനം-വന്യജീവി വകുപ്പ് സെക്രട്ടറിയായി സ്ഥലംമാറ്റി. ടൂറിസം, പൊതുഭരണം, തൊഴിൽ നൈപുണ്യം എന്നിവയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
- ഡോ. ശർമ്മിള മേരി ജോസഫ് IAS: വനിത-ശിശുവികസന വകുപ്പിൽ നിന്നും ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ അധിക ചുമതലയുമുണ്ട്.
- ഡോ. ബി. അശോക് IAS: സർവീസിൽ തിരിച്ചെടുത്തതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
- ഡോ. രാജു നാരായണസ്വാമി IAS: പാർലമെന്ററി കാര്യ വകുപ്പിൽ നിന്നും സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥലംമാറ്റി.
- നാലപ്പാട്ട് പ്രശാന്ത് (എൻ. പ്രശാന്ത്) IAS: സർവീസിൽ തിരിച്ചെത്തിയ ഇദ്ദേഹത്തെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും യുവജനക്ഷേമം, മ്യൂസിയം-ആർക്കൈവ്സ് എന്നിവയുടെ അധിക ചുമതലക്കാരനായും നിയമിച്ചു.
ഡയറക്ടർമാർ / കമ്മീഷണർമാർ:
- ദിവ്യ എസ്. അയ്യർ IAS: തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി പുതിയ എക്സ്-കേഡർ തസ്തികയിൽ നിയമിച്ചു. ആയുഷ് മിഷൻ ഡയറക്ടർ ചുമതലയുമുണ്ട്. വിഴിഞ്ഞം പോർട്ട് എം.ഡി സ്ഥാനത്തുനിന്നും മാറ്റി.
- ജെറോമിക് ജോർജ്ജ് IAS: തദ്ദേശ വകുപ്പിൽ നിന്നും ധനകാര്യ (ചെലവ്) വകുപ്പ് അഡീഷണൽ സെക്രട്ടറിയായി മാറ്റി. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എം.ഡി ചുമതലയും കേരള മാരിടൈം ബോർഡ് സി.ഇ.ഓ ചുമതലയും നൽകി.
- സ്നേഹിൽ കുമാർ സിംഗ് IAS: കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തുനിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ (DGE) ആയി നിയമിച്ചു. നിലവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആസിഫ് കെ. യൂസഫ് IAS നെ നോർക്ക (NORKA) ഡയറക്ടറായി മാറ്റി.
- ശ്രീധന്യ സുരേഷ് IAS: ടൂറിസം അഡീഷണൽ ഡയറക്ടർ പദവിക്ക് ഒപ്പം പുതിയ ഫുഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു.
- പ്രേം കൃഷ്ണൻ എസ് IAS: സഹകരണ സംഘം രജിസ്ട്രാർ ആയി നിയമിച്ചു.
- ഡോ. അരുൺ ജെ.ഒ IAS: സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായും സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറായും നിയമിച്ചു.
- ഹർഷിൽ ആർ. മീന IAS: അനെർട്ട് (ANERT) സി.ഇ.ഓ സ്ഥാനത്തുനിന്നും കെ.റ്റി.ഡി.സി (KTDC) മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.
