പാലക്കാട് ആര്യമ്പാവിൽ വീട്ടമ്മയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി; മകൾ വീട്ടിലുള്ളപ്പോൾ ദാരുണ സംഭവം

 പാലക്കാട് ആര്യമ്പാവിൽ വീട്ടമ്മയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി; മകൾ വീട്ടിലുള്ളപ്പോൾ ദാരുണ സംഭവം

പാലക്കാട്:

ജില്ലയിലെ ആര്യമ്പാവിൽ കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ദീപ (42), ഭർത്താവ് സുകുമാരൻ (50) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.

പ്രതിദിനമുള്ള കുടുംബവഴക്കാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാത്രി ദമ്പതികൾ തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടാകുകയും, ഇതിനിടെ പ്രകോപിതനായ സുകുമാരൻ വെട്ടുകത്തിയെടുത്ത് ദീപയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. കൃത്യം നടക്കുമ്പോൾ ഇവരുടെ 19 വയസ്സുള്ള മകൾ വീട്ടിലുണ്ടായിരുന്നു.

മകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപയെ ഉടൻ തന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയെ വെട്ടി വീഴ്ത്തിയതിന് തൊട്ടുപിന്നാലെ സുകുമാരൻ വീടിനുള്ളിൽ ജീവനൊടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ശ്രീകൃഷ്ണപുരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News