ഭരണം മാറി, പോലീസ് മാറിയില്ല: തടങ്കലിലാക്കി ക്രൂരമർദനം; യുവാവിന്റെ ജനനേന്ദ്രിയം തകർത്തതായി പരാതി
BY: KOLLAM MOHANAN PILLA
കൊല്ലം :
പോക്‌സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ കൊല്ലം ശാസ്‌താംകോട്ട പോലീസ് 23-കാരനായ അടൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചതായി പരാതി. മേയ് 29-ന് നടന്ന സംഭവത്തിൽ യുവാവിന്റെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തതായി മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൂട്ടുകാരനുമായി സംസാരിച്ചു നിൽക്കവേ കാറിലെത്തിയ പോലീസ് സംഘം ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ബലമായി വണ്ടിയിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തി. നിലവിളി പുറത്തു കേൾക്കാതിരിക്കാൻ കാറിൽ ഉച്ചത്തിൽ ക്രിക്കറ്റ് കളി പ്ലേ ചെയ്ത ശേഷമായിരുന്നു മർദനം. ശാസ്‌താംകോട്ട ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് കുടുംബം പോലീസ് കംപ്ലൈന്റ്‌സ് അതോറിറ്റിയെയും കോടതിയെയും സമീപിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് കേസ് ഒത്തുതീർപ്പാക്കാൻ കടുത്ത സമ്മർദമുണ്ടെന്നും യുവാവ് ആരോപിച്ചു.
