പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ഡിവൈഎഫ്ഐ ഡിആർഎം ഓഫീസ് ഉപരോധത്തിൽ വൻ സംഘർഷം

 പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ഡിവൈഎഫ്ഐ ഡിആർഎം ഓഫീസ് ഉപരോധത്തിൽ വൻ സംഘർഷം

BY : RAVI OTTAPPALAM

പാലക്കാട്:

റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പാലക്കാട് ഡിആർഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിലും ഉപരോധത്തിലും വൻ സംഘർഷം. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ആരംഭിച്ച പ്രതിഷേധത്തിൽ പ്രവർത്തകർ ഡിആർഎം ഓഫീസിന്റെ നാല് ഗേറ്റുകളും ഉപരോധിച്ചു.

പൊലീസ് ഉയർത്തിയ പ്രതിരോധവും അടച്ച ഗേറ്റുകളും മറികടന്ന് മതിൽ ചാടിക്കടന്നാണ് പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് ഇരച്ചുകയറിയത്. ഓഫീസ് മുറ്റത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയദേവന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ വനിതാ പ്രവർത്തകർ അടക്കം സജീവമായി പങ്കെടുത്തു. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

പാലക്കാട് ഡിവിഷൻ വിഭജിച്ച് മംഗളൂരു അടക്കമുള്ള സുപ്രധാന മേഖലകൾ മൈസൂർ ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഉത്തരവ് ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. പനമ്പൂർ സ്റ്റേഷൻ അടക്കമുള്ള മേഖലകൾ നഷ്ടമാകുന്നതോടെ പാലക്കാട് ഡിവിഷന് പ്രതിവർഷം 1100 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തീരുമാനം പൂർണ്ണമായും പിൻവലിക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News