സ്കൂൾ കലണ്ടർ പ്രഖ്യാപിച്ചു: പരീക്ഷകളും അവധികളും അറിയാം; എൽ.പി വിഭാഗത്തിന് ശനിയാഴ്ച പ്രവൃത്തിദിനമില്ല
BY: TS TVM
തിരുവനന്തപുരം:
സംസ്ഥാനത്തെ 2026-27 അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ വകുപ്പിന്റെ അക്കാദമിക് പ്രവർത്തനങ്ങൾ, വിവിധ പരീക്ഷകൾ, അവധി ദിവസങ്ങൾ, മോഡൽ-പ്രാക്ടിക്കൽ പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ കൃത്യമായി ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടർ മുഖ്യമന്ത്രി വി.ഡി. സതീശനും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും ചേർന്നാണ് പ്രകാശനം ചെയ്തത്.
പുതിയ കലണ്ടർ പ്രകാരം എൽ.പി സ്കൂളുകൾക്ക് ശനിയാഴ്ചകളിലെ പ്രവൃത്തിദിനം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ യു.പി, ഹൈസ്കൂൾ (എച്ച്.എസ്) വിഭാഗങ്ങൾക്ക് അഞ്ച് ശനിയാഴ്ചകൾ അധിക പ്രവൃത്തിദിനങ്ങളായിരിക്കും. വിദ്യാർത്ഥികളും അധ്യാപകരും ഏറെ കാത്തിരിക്കുന്ന ഓണപ്പരീക്ഷകൾ ആഗസ്റ്റ് 10 മുതൽ 21 വരെ നടക്കും. ആഗസ്റ്റ് 21-ഓടെ ഓണാവധിക്കായി സ്കൂളുകൾ അടയ്ക്കുകയും പത്ത് ദിവസത്തെ അവധിക്ക് ശേഷം ആഗസ്റ്റ് 31-ന് വീണ്ടും തുറക്കുകയും ചെയ്യും.
വർഷാവസാനത്തെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 10-ന് ആരംഭിച്ച് 18-ന് അവസാനിക്കും. ഡിസംബർ 18-ന് ക്രിസ്മസ് അവധിക്കായി അടയ്ക്കുന്ന വിദ്യാലയങ്ങൾ ഡിസംബർ 28-ന് പുനരാരംഭിക്കും. പൊതുപരീക്ഷകളുടെ തീയതികളും കലണ്ടറിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ 2027 ജനുവരി 20 മുതലും, എസ്.എസ്.എൽ.സി പരീക്ഷകൾ 2027 മാർച്ചിലും നടക്കും. പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷകൾ 2027 മാർച്ച് 2-ന് ആരംഭിച്ച് മാർച്ച് 29-ഓടെ അവസാനിക്കുന്ന രീതിയിലാണ് കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്.
