നാലാഞ്ചിറയിൽ മക്കളുടെ മുന്നിലിട്ട് ഭാര്യയുടെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഒളിവിൽ
BY:TS TVM
തിരുവനന്തപുരം:
തലസ്ഥാനത്തെ നാലാഞ്ചിറയിൽ കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറ സ്വദേശിനി ഹസീന ബീവി (36) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് സുരേഷിനായി (46) മണ്ണന്തല പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
മക്കളുടെ മുന്നിൽ വെച്ചായിരുന്നു ഈ ദാരുണ സംഭവം അരങ്ങേറിയത്. ദമ്പതികൾ തമ്മിൽ മുൻപും നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായാണ് വിവരം. കൊലപാതകം നടക്കുന്നതിന് തലേദിവസം പോലും ഹസീന സുരേഷിനെതിരെ മണ്ണന്തല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് വീണ്ടും തർക്കമുണ്ടായതും ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതും.
വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ വെച്ചാണ് സുരേഷ് ഭാര്യയെ ആക്രമിച്ചത്. സംഭവം നടന്ന ഉടൻ തന്നെ ദമ്പതികളുടെ മൂത്ത മകൾ വിവരമറിയിച്ചതിനെ തുടർന്ന് മണ്ണന്തല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൊല്ലപ്പെട്ട ഹസീനയ്ക്കും ഒളിവിൽ പോയ സുരേഷിനും നാല് മക്കളാണുള്ളത്. പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
