കർക്കിടകവാവ് മുന്നൊരുക്കം: നേമം എം.എൽ.എ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

തിരുവനന്തപുരം:
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന കർക്കിടക വാവ് ബലി തർപ്പണത്തിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി നേമം എം.എൽ.എ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ വിപുലമായ അവലോകന യോഗം ചേർന്നു. വാർഡ് കൗൺസിലർ പാചല്ലൂർ ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം നഗരസഭാ മേയർ . വി.വി. രാജേഷ്, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ വി. സത്യവതി എന്നിവർ മുഖ്യാതിഥികളായിരുന്നു.
ബലിതർപ്പണത്തിന് എത്തുന്ന വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും പരിഭവങ്ങളും ഉണ്ടാകാത്ത രീതിയിൽ ഏറ്റവും മികച്ച സൗകര്യങ്ങൾ ക്ഷേത്രത്തിലും പരിസരങ്ങളിലും ഒരുക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ചടങ്ങുകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ സർക്കാർ വകുപ്പുകളും തദ്ദേശഭരണ പ്രതിനിധികളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ, ബന്ധപ്പെട്ട മേഖലയിലെ നഗരസഭാ പ്രതിനിധികൾ, പ്രദേശത്തെ റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ സജീവമായി പങ്കെടുത്തു.
അവലോകന യോഗത്തിന് മുന്നോടിയായി തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ബലിക്കടവിൻ്റെ വികസനവുമായി ബന്ധപ്പെട്ട് പ്രദേശത്തെ വിവിധ സംഘടനാ പ്രതിനിധികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും എം.എൽ.എയുടെ നേതൃത്വത്തിൽ നേരിട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു. ഈ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും തുടർന്നുള്ള വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയെന്ന് യോഗത്തിൽ തീരുമാനമായി.


