പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു: പ്രതി മണ്ണന്തല പോലീസിന്റെ പിടിയിൽ
തിരുവനന്തപുരം:
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിപാനീയം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം തോട്ടം പുരയിടത്തിൽ മൈക്കിൾ മകൻ മനു (26) ആണ് പോലീസിന്റെ പിടിയിലായത്.
മണ്ണന്തല മുക്കോല സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാൾ ക്രൂരതയ്ക്ക് ഇരയാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് പെൺകുട്ടിക്ക് ബോധരഹിതയാക്കാൻ ശേഷിയുള്ള മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയ ശേഷമാണ് ഇയാൾ പീഡനം നടത്തിയത്.
പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത മണ്ണന്തല പോലീസ് പ്രതിയെ അതിവേഗം പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
