മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം ട്രിബ്യൂണൽ തടഞ്ഞു; സർക്കാരിന് വൻ തിരിച്ചടി
തിരുവനന്തപുരം:
സംസ്ഥാനത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരെ സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് മണിക്കൂറുകൾക്കകം മരവിപ്പിച്ചു. രണ്ട് പ്രിൻസിപ്പൽമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (KAT) അടിയന്തരമായി ഇടപെട്ടതോടെയാണ് സ്ഥലംമാറ്റ നടപടികൾക്ക് താൽക്കാലിക വിലക്ക് വീണത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ വലിയ അഴിച്ചുപണി ലക്ഷ്യമിട്ടുളള സർക്കാരിന്റെ നിർണായക ഭരണനീക്കത്തിനാണ് ഇതോടെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുന്നത്.
സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജബ്ബാറിനെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റാനായിരുന്നു തീരുമാനം. പകരം ഡോ. രഞ്ജു രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി നിയമിക്കുകയും ചെയ്തിരുന്നു. കൂടാതെ തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇന്ദു പി.എസിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും മാറ്റാൻ ഉത്തരവിട്ടിരുന്നു.
മറ്റ് പ്രമുഖ നിയമനങ്ങളും ഈ ഉത്തരവിന്റെ ഭാഗമായിരുന്നു. ഡോ. അനുജ യു.വിയെ വയനാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലായും, മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽ രാജിനെ തൃശൂർ മെഡിക്കൽ കോളേജിലേക്കും നിയമിക്കാൻ നിശ്ചയിച്ചിരുന്നു. ഇതിനുപുറമേ ഡോ. അന്നപൂർണ വൈയ്ക്ക് ഇടുക്കി മെഡിക്കൽ കോളേജിന്റെയും, ഡോ. ജയശ്രീയ്ക്ക് കോന്നി മെഡിക്കൽ കോളേജിന്റെയും പ്രിൻസിപ്പൽ പദവികളുടെ പൂർണ്ണ ചുമതല നൽകാനും സർക്കാർ ഉത്തരവിൽ നിർദ്ദേശമുണ്ടായിരുന്നു.
എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റ തീരുമാനങ്ങൾക്കെതിരെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. പരാതികൾ ഫയലിൽ സ്വീകരിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ, സർക്കാർ ഉത്തരവിന്റെ പ്രാബല്യം താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. കേസിൽ കൂടുതൽ വാദം കേൾക്കുന്നതുവരെ നിലവിലെ പ്രിൻസിപ്പൽമാർക്ക് തൽസ്ഥിതി തുടരാനാകും.
