ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമം: നാലംഗ സംഘം വിഴിഞ്ഞം പോലീസിന്റെ പിടിയിൽ
By:Sumeshkrishnan
വിഴിഞ്ഞം:
ഓട്ടോ സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഞായറവിള സ്വദേശിയായ ഷാനുവിനെ (35) ആക്രമിച്ച കേസിലാണ് നടപടി. ആലറുമൂട് സ്വദേശികളായ ദീപു (22), മുകേഷ് (38), അൽത്താഫ് (27), കോടിയം സ്വദേശി അജിത് (32) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെ 4:30-ഓടെ ഞായറവിള ഭാഗത്തുള്ള ഓട്ടോ സ്റ്റാൻഡിലായിരുന്നു സംഭവം. ബിയർ കുപ്പിയും തടിക്കഷണങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഷാനുവിന്റെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. ഇയാൾ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്ന് മാസം മുൻപ് പ്രതികളിലൊരാളായ ദീപുവിന്റെ പരിചയക്കാരന്റെ വീട്ടിൽ ഷാനുവും സുഹൃത്തുക്കളും ചേർന്ന് അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
