മൊബൈൽ ഫോൺ കവർച്ച: രണ്ട് കേസുകളിലായി അഞ്ച് പ്രതികൾ പിടിയിൽ

തിരുവനന്തപുരം: നഗരത്തിൽ നടന്ന രണ്ട് വ്യത്യസ്ത മൊബൈൽ ഫോൺ കവർച്ചാ കേസുകളിൽ പ്രതികളെ പോലീസ് പിടികൂടി. മ്യൂസിയം, വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധികളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
മ്യൂസിയം പോലീസ് കേസ്: 2026 ഏപ്രിൽ 26-ന് രാത്രി 11.15-ഓടെ കഴക്കൂട്ടം സ്വദേശിയായ യുവാവിനെ അസഭ്യം പറഞ്ഞ് മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിലാണ് മ്യൂസിയം പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. രാജാജി നഗർ സ്വദേശികളായ സുരജ് (24), വിവേക് (30) എന്നിവരാണ് പിടിയിലായത്. പിടിയിലായ സുരജ് മ്യൂസിയം പോലീസ് സ്റ്റേഷനിലെ ആർ.എച്ച്.എസ് പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വട്ടിയൂർക്കാവ് പോലീസ് കേസ്: കഴിഞ്ഞ ദിവസം അർധരാത്രി 12.15-ഓടെ കാഞ്ഞിരംപാറ ഭാഗത്തെ ഹോട്ടലിന്റെ പാർക്കിംഗ് സ്ഥലത്തിരിക്കുകയായിരുന്ന വട്ടിയൂർക്കാവ് സ്വദേശിയായ യുവാവിനെ ആക്രമിച്ച ശേഷം ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിലാണ് വട്ടിയൂർക്കാവ് പോലീസ് മൂന്നുപേരെ പിടികൂടിയത്. പുളിയറക്കോണം സ്വദേശി ആദർശ് (24), പി.ടി.പി നഗർ സ്വദേശി അഭിലാഷ് (34), പേരൂർക്കട സ്വദേശി നൗഫൽ (25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരുന്നു.
