ആറ് പതിറ്റാണ്ടിന്റെ രാജ്യസേവനം: പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തിന് വജ്രജൂബിലി നിറവ്

 ആറ് പതിറ്റാണ്ടിന്റെ രാജ്യസേവനം: പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തിന് വജ്രജൂബിലി നിറവ്

BY: TS TVM

തിരുവനന്തപുരം:

തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിനുമുള്ള ആറ് പതിറ്റാണ്ടുകളുടെ സമർപ്പിത സേവനം പൂർത്തിയാക്കി തങ്ങളുടെ വജ്രജൂബിലി ആഘോഷിച്ചു. 2026 ജൂൺ 29-നായിരുന്നു സൈനിക കേന്ദ്രത്തിന്റെ 60-ാം സ്ഥാപക ദിനം.

യുദ്ധസ്മാരകത്തിൽ നടന്ന പുഷ്പചക്ര സമർപ്പണത്തോടെയാണ് ആഘോഷ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പ്രത്യേക സൈനിക സമ്മേളനത്തിൽ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മികച്ച ഉദ്യോഗസ്ഥരെ ആദരിച്ചു.

1966 ജൂൺ 29-നാണ് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം സ്ഥാപിതമായത്. അന്നുതതൽ ദക്ഷിണേന്ത്യയിലെ സൈനിക സേവന നിർവ്വഹണം, സൈനിക കേന്ദ്രങ്ങളുടെ നടത്തിപ്പ്, വിമുക്ത ഭടൻമാരുടെ ക്ഷേമം എന്നിവയ്ക്കുള്ള ഒരു പ്രധാന കേന്ദ്രമായി ഈ സൈനിക ആസ്ഥാനം പ്രവർത്തിച്ചു വരികയാണെന്ന് ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ചൂണ്ടിക്കാട്ടി. കേരളത്തിലും തമിഴ്‌നാട്ടിലുമായി 11 ഇ.സി.എച്ച്.എസ് (ECHS) പോളിക്ലിനിക്കുകൾ, സമർപ്പിത വെറ്ററൻ സെൽ, 10 വിമുക്തഭട കാന്റീനുകൾ എന്നിവയുടെ നടത്തിപ്പിലൂടെ 5.97 ലക്ഷം വിമുക്തഭടന്മാർക്കും വിധവകൾക്കും ആശ്രിതർക്കും സേവനം നൽകുന്നതിൽ ഈ സൈനിക ആസ്ഥാനം നിർണായക പങ്ക് വഹിക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യ വികസനം, നിയമ-അച്ചടക്ക കാര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം, മാനുഷിക സഹായം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, സിവിൽ-സൈനിക ബന്ധം എന്നിവയുൾപ്പെടെ ഈ സൈനിക കേന്ദ്ര ആസ്ഥാനത്തിന്റെ വൈവിധ്യമാർന്ന ഉത്തരവാദിത്തങ്ങളും അദ്ദേഹം ഓർമ്മിപ്പിച്ചു. വെല്ലുവിളികളെ അതിജീവിക്കാനുള്ള ദൃഢനിശ്ചയം കണക്കിലെടുത്ത് “ദി മൂവേഴ്‌സ്” (The Movers) എന്നാണ് ഈ സ്റ്റേഷൻ ആസ്ഥാനം അറിയപ്പെടുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള നിലവിൽ സേവനമനുഷ്ടിക്കുന്ന ഉദ്യോഗസ്ഥരും വിമുക്തഭടന്മാരും അവരുടെ കുടുംബാംഗങ്ങളും ആഘോഷങ്ങളിൽ പങ്കെടുത്തു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായുള്ള പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകവും സംഭാവനകളും പ്രദർശിപ്പിക്കുന്ന ഒരു സാംസ്കാരിക സായാഹ്നവും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കഥകളി, തെയ്യം, ശിങ്കാരി മേളം, മോഹിനിയാട്ടം, ഒപ്പന തുടങ്ങിയ കലാരൂപങ്ങൾ ചടങ്ങിൽ അരങ്ങേറി.

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തിന്റെ വളർച്ചയ്ക്കും വിജയത്തിനും സംഭാവന നൽകിയ എല്ലാ ഉദ്യോഗസ്ഥരുടെയും, വിമുക്ത ഭടൻമാരുടെയും, കുടുംബാംഗങ്ങളുടെയും ഒത്തുചേരലോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. ചടങ്ങിൽ പാങ്ങോട് കേന്ദ്ര ആസ്ഥാനത്തെ അഡ്മിൻ കമാൻഡൻ്റായ കേണൽ സൂര്യ മുഖർജി നന്ദി രേഖപ്പെടുത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News