ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി: ടെക്നോപാർക്കിലെ ഐടി മാനേജർ തിരുവനന്തപുരത്ത് പിടിയിൽ
BY:TS TVM
തിരുവനന്തപുരം:
നഗരത്തിലെ ഫ്ലാറ്റിൽ കിടപ്പുമുറി കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷി നടത്തിവന്ന ഐടി മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയും കഴക്കൂട്ടം ടെക്‌നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിലെ മാനേജരുമായ വിശാൽ (26) ആണ് പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം പ്രത്യേക ക്രമീകരണങ്ങളോടെ വളർത്തിയിരുന്ന 70 ഓളം കഞ്ചാവ് ചെടികളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്.
ലഹരിമരുന്നിനെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത്.
പിടിയിലായ വിശാൽ പോലീസിന് നൽകിയ മൊഴി ഞെട്ടിക്കുന്നതായിരുന്നു. സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് ഫ്ലാറ്റിൽ കഞ്ചാവ് തോട്ടം ഒരുക്കിയതെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. കഞ്ചാവ് ഇലകൾ ഉണക്കി ഉപയോഗിക്കുന്നതിന് പകരം, ഇവ പച്ചയ്ക്ക് അരച്ച് പാലിൽ ചേർത്ത് കുടിക്കുകയായിരുന്നു ഇയാളുടെ രീതി. കൂടാതെ കഞ്ചാവ് ഇലകൾ ചമ്മന്തി രൂപത്തിൽ അരച്ചും ഇയാൾ പതിവായി ഉപയോഗിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
