തിരുവനന്തപുരം അഡീഷണൽ സി.ജെ.എം. കോടതി ടി.ജി. മോഹൻദാസിന് ജാമ്യം അനുവദിച്ചു
ഗുരുതരമായ വകുപ്പുകൾ ചുമത്തി അന്വേഷണ സംഘം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് കോടതി തള്ളി
തിരുവനന്തപുരം :
ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർഥി സമരത്തിൽ പങ്കെടുത്തവരെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ആർ.എസ്.എസ്. സഹയാത്രികൻ ടി.ജി. മോഹൻദാസിന് തിരുവനന്തപുരം അഡീഷണൽ സി.ജെ.എം. കോടതി ജാമ്യം അനുവദിച്ചു. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന കർശന ഉപാധിയോടെയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മിഥുൻ ഗോപി ജാമ്യം നൽകിയത്. അന്വേഷണ സംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും മൂന്ന് ദിവസം അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
കൊച്ചിയിലെ വസതിയിൽ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത മോഹൻദാസിന്റെ അറസ്റ്റ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് രേഖപ്പെടുത്തിയത്. തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. എന്നാൽ, ഗുരുതരമായ വകുപ്പുകൾ ചുമത്തി അന്വേഷണ സംഘം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് കോടതി തള്ളി. മോഹൻദാസ് യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയും മാന്യത ഹനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ് ആരോപിച്ചിരുന്നു.
‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെ വധഭീഷണിയും വർഗീയ വിദ്വേഷവും വളർത്തുന്ന രീതിയിലാണ് വീഡിയോ പങ്കുവെച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ വെടിവെച്ചുകൊല്ലണമെന്ന് പ്രസ്താവിച്ച് കുറ്റകരമായ ഭയാന്തരീക്ഷം സൃഷ്ടിക്കാനും, പൊതുസമാധാനം തകർത്ത് ലഹളയുണ്ടാക്കാനും ശ്രമിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
