തമിഴ്നാട് ജയിൽ ചാട്ടം: 17 വിചാരണ തടവുകാർ രക്ഷപ്പെട്ടു, 4 പേർ പിടിയിൽ; അതിർത്തികളിൽ ജാഗ്രത
തേനി: തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് പൊലീസുകാരെ ആക്രമിച്ച് 17 വിചാരണ തടവുകാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരേ സെല്ലിൽ കഴിഞ്ഞിരുന്ന തടവുകാരിൽ ഒരാൾക്ക് അപസ്മാരം വന്നതായി അഭിനയിക്കുകയും, പ്രഥമശുശ്രൂഷ നൽകാൻ എത്തിയ ജയിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ ആക്രമിച്ചുമാണ് ഇവർ രക്ഷപ്പെട്ടത്.
ആക്രമണത്തിൽ ഗ്രേഡ് രണ്ട് പൊലീസ് ഉദ്യോഗസ്ഥനായ തങ്കപ്പാണ്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ജി. വിളക്കുവിലുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് രണ്ട് ഉദ്യോഗസ്ഥരും ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് ദക്ഷിണ മേഖല ഐ.ജി വിജയേന്ദ്ര ബിദാരി, തേനി ജില്ലാ പൊലീസ് മേധാവി പ്രവീൺ ഗൗതം എന്നിവർ ജയിലിലെത്തി പരിശോധന നടത്തി. തടവുകാരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. രക്ഷപ്പെട്ട പ്രതികളിൽ മധുര സ്വദേശി പ്രവീൺ, തേനി ദേവാരം സ്വദേശി ചിലമ്പരശൻ, രാജ്കുമാർ, രാജ സിക്കന്ദർ എന്നീ നാല് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു.
രക്ഷപ്പെട്ട പ്രതികൾ ഇടുക്കി, പാലക്കാട് അതിർത്തികൾ വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള-തമിഴ്നാട് അതിർത്തികളിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അയൽ ജില്ലയായ ദിണ്ടിഗലിൽ 16 പുതിയ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു. ബാക്കിയുള്ള പ്രതികൾക്കായി വനമേഖലകൾ കേന്ദ്രീകരിച്ച് മോപ്പനായ്ക്കളുടെ സഹായത്തോടെ തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്.
