വെസ്റ്റ് ഏഷ്യ വീണ്ടും യുദ്ധഭീതിയിൽ; അസ്ഥിരമായി അസ്ഥിര സന്ധി, ഇറാന് മേൽ യുഎസിന്റെ ശക്തമായ വ്യോമാക്രമണം

 വെസ്റ്റ് ഏഷ്യ വീണ്ടും യുദ്ധഭീതിയിൽ; അസ്ഥിരമായി അസ്ഥിര സന്ധി, ഇറാന് മേൽ യുഎസിന്റെ ശക്തമായ വ്യോമാക്രമണം

ടെഹ്‌റാൻ

താൽക്കാലിക വെടിനിർത്തൽ കരാറുകൾ കാറ്റിൽപ്പറത്തിക്കൊണ്ട് വെസ്റ്റ് ഏഷ്യ വീണ്ടും സമ്പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരാഴ്ചയായി യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി ഇറാന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയതായി ഇറാനിയൻ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആക്രമണങ്ങളിൽ ഇതുവരെ കുറഞ്ഞത് 35 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇറാന് മേൽ നാവിക ഉപരോധം വീണ്ടും കടുപ്പിച്ചതായി വ്യക്തമാക്കിയ യുഎസ് സേന, കരാറുകൾ നിലനിൽക്കെത്തന്നെ ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലെയും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപത്തെയും സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. കടൽമാർഗ്ഗമുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള ഇറാന്റെ സൈനിക ശേഷി തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു.

മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാനും ശക്തമായ തിരിച്ചടി ആരംഭിച്ചിട്ടുണ്ട്. ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (GCC) സെക്രട്ടറി ജനറൽ ജാസെം അൽ-ബുദൈവി ശക്തമായി അപലപിച്ചു. കുവൈറ്റിലെ സൈനിക ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കാനിടയാക്കിയ ഈ നീക്കം മേഖലയെ കൂടുതൽ അരാജകത്വത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമീപ ദിവസങ്ങളിൽ ഖത്തറും യുണൈറ്റഡ് അറബ് എമിറേറ്റും തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് എത്തിയ നിരവധി ഇറാനിയൻ മിസൈലുകളും ഡ്രോണുകളും തകർത്തതായും റിപ്പോർട്ടുകളുണ്ട്.

എവിടെയൊക്കെയാണ് ആക്രമണം നടന്നത്?

ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ട വിവര പ്രകാരം അഹ്വാസ്, ബന്ദർ അബ്ബാസ്, ബുഷെഹർ, ചബഹാർ തുറമുഖം, ഇസ്ഫഹാൻ, ഖേഷ്ം ദ്വീപ് തുടങ്ങി ഇരുപതിലധികം നഗരങ്ങളിലും തീരദേശ ദ്വീപുകളിലും ശക്തമായ സ്ഫോടനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഹോർമുസ് കടലിടുക്കിന് കാവലായി നിൽക്കുന്ന ഇറാന്റെ മുപ്പതോളം തെക്കൻ ദ്വീപുകൾ തങ്ങളുടെ മിസൈൽ-ഡ്രോൺ പ്രതിരോധത്തിന് പ്രധാനമാണെന്ന് ഇറാൻ പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

പ്രതിസന്ധിയിലായി ആഗോള ഊർജ്ജ വിപണി

കഴിഞ്ഞ ജൂൺ 17-ന് ഒപ്പുവെച്ച പ്രാഥമിക ധാരണാപത്രത്തിന് ശേഷം താൽക്കാലികമായി തുറന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇതോടെ വീണ്ടും തടസ്സപ്പെട്ടിരിക്കുകയാണ്. യുദ്ധത്തിന് മുൻപ് പ്രതിദിനം നൂറോളം കപ്പലുകൾ കടന്നുപോയിരുന്ന ഈ പാതയിലൂടെ നിലവിൽ ശരാശരി 24 കപ്പലുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ആഗോള എണ്ണ വിപണിയുടെ 27 ശതമാനവും എൽ.എൻ.ജി (LNG) വ്യാപാരത്തിന്റെ 20 ശതമാനവും നിയന്ത്രിക്കുന്ന ഹോർമുസ് കടലിടുക്കും യെമനിലെ ഹൂതികളുടെ സഹായത്തോടെ ബാബ് അൽ-മന്ദേബ് കടലിടുക്കും പൂർണ്ണമായി അടയ്ക്കപ്പെട്ടാൽ അത് ലോകവ്യാപകമായി കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് സാമ്പത്തിക നിരീക്ഷകർ ഭയപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം ജൂണിലെ സമാധാന ശ്രമങ്ങൾക്ക് ശേഷം വീണ്ടും സജീവമായത് ആഗോള തലത്തിൽ വലിയ ആശങ്കകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News