പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിനതടവും പിഴയും
By:Sumeshkrishnan
ആറ്റിങ്ങൽ:
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. കിളിമാനൂർ സ്വദേശിയായ ശ്രീഹരിയെയാണ് (29) ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ശിക്ഷിച്ചത്. പിഴ തുക അടക്കാത്ത പക്ഷം 16 മാസം അധിക തടവ് അനുഭവിക്കണം.
2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹിതനായിരുന്ന പ്രതി പത്താം ക്ലാസുകാരിയെ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്യുകയായിരുന്നു. കിളിമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെയുള്ളവ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഫോറൻസിക് റിപ്പോർട്ടുകളും കേസിൽ നിർണ്ണായകമായി.
ആറ്റിങ്ങൽ ഡിവൈഎസ്പി ടി. ജയകുമാറാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. യു. സലിംഷ, അഡ്വ. നീലിമ ആർ. കൃഷ്ണൻ എന്നിവർ ഹാജരായി.
