നിലയ്ക്കാമുക്കിൽ ഓട്ടോ മറിഞ്ഞ് പത്ത് വയസ്സുകാരന് ദാരുണാന്ത്യം
ആറ്റിങ്ങൽ:
നിലയ്ക്കാമുക്കിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പത്ത് വയസ്സുകാരൻ മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ ബിജി-വാൾട്ടർ ദമ്പതികളുടെ മകൻ ബിനോയ് (കുട്ടു) ആണ് ദാരുണമായി മരണപ്പെട്ടത്.
ഇന്ന് വൈകിട്ട് 3:15 ഓടെ നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുൻവശമായിരുന്നു അപകടം. അമ്മ ബിജിക്കും സഹോദരി ബ്ലസിക്കുമൊപ്പം മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്നതിനായി ആറ്റിങ്ങലിലേക്ക് പോകുകയായിരുന്നു ബിനോയ്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് പെട്ടെന്ന് തെരുവ് നായ കുറുകെ ചാടിയതാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. നായയെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
മറിഞ്ഞ ഓട്ടോറിക്ഷയ്ക്കടിയിൽ ബിനോയ് കുടുങ്ങിപ്പോയതാണ് മരണകാരണമായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ ബിജിയും മകൾ ബ്ലസിയും ചികിത്സയിലാണ്.
