സംസ്ഥാനത്ത് മഴ കനക്കുന്നു: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം:
സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, എറണാകുളം, കാസർകോട്, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിലാണ് പൂർണ്ണമായി അവധി നൽകിയിരിക്കുന്നത്. കൂടാതെ, കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, വടകര താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. വയനാട് ജില്ലയിൽ അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എറണാകുളം, കാസർകോട്, ആലപ്പുഴ ജില്ലകളിലും സമാനമായ രീതിയിലാണ് നിയന്ത്രണങ്ങൾ. എന്നാൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കും കോളേജുകൾക്കും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
