സംസ്ഥാനത്ത് ഒക്ടോബർ 10 വരെ പരക്കെ മഴയ്ക്ക് സാധ്യത: മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്
BY: AJITH KARUVAPALLY
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അറബിക്കടലിലും അയൽ സംസ്ഥാനങ്ങളിലും രൂപപ്പെട്ട ചക്രവാതച്ചുഴികളും ന്യൂനമർദ്ദപാത്തിയുമാണ് കേരളത്തിൽ മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.
തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്നാടിന് മുകളിലുമായി നിലവിൽ ശക്തമായ രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. ഇതിനുപുറമേ, മന്നാർ കടലിടുക്കിൽ നിന്ന് തമിഴ്നാടും കർണാടകയും വഴി മധ്യ മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമർദ്ദപാത്തിയും സജീവമാണ്.
ഇതിന്റെ സ്വാധീനത്താൽ ഒക്ടോബർ 6 മുതൽ 10 വരെ സംസ്ഥാനത്ത് വ്യാപകമായി നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. ഒക്ടോബർ 6, 9, 10 തീയതികളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
