സതീശൻ സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗം: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വയോജനങ്ങൾക്ക് പുതിയ വകുപ്പ്, ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിച്ചു

 സതീശൻ സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗം: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വയോജനങ്ങൾക്ക് പുതിയ വകുപ്പ്, ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിച്ചു

തിരുവനന്തപുരം:

നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ അധികാരമേറ്റയുടൻ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ. പുതിയ സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തിലാണ് ജനപ്രിയവും നിർണ്ണായകവുമായ രണ്ട് സുപ്രധാന പ്രഖ്യാപനങ്ങൾക്ക് അനുമതി നൽകിയത്. തെരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടുവെച്ച ‘ഇന്ദിര ഗാരന്റി’ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ് അതിവേഗം സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര

സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര അനുവദിക്കാൻ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വരുന്ന ജൂൺ 15 മുതൽ ഈ പുതിയ ആനുകൂല്യം നിലവിൽ വരും. പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളും മറ്റ് സാങ്കേതിക വശങ്ങളും ഗതാഗത വകുപ്പ് വിശദമായി പരിശോധിച്ച് പിന്നീട് കൃത്യമായ മാർഗ്ഗരേഖ പുറപ്പെടുവിക്കും. സംസ്ഥാനത്തെ വനിതകളുടെ യാത്രാക്ലേശം ഗണ്യമായി കുറയ്ക്കാനും, തൊഴിലിടങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള അവരുടെ യാത്ര കൂടുതൽ സുരക്ഷിതവും സാമ്പത്തിക ബാധ്യതയില്ലാത്തതുമാക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്

കേരളത്തിൽ പ്രായമായവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് മുതിർന്ന പൗരന്മാർക്കായി സംസ്ഥാനത്ത് പുതിയൊരു വകുപ്പ് രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ജപ്പാന്റെ മാതൃകയിലായിരിക്കും ഈ പുതിയ വകുപ്പിന്റെ പ്രവർത്തനങ്ങൾ സർക്കാർ ഏകോപിപ്പിക്കുക.

“ഒരു സമൂഹത്തിന്റെ സാംസ്കാരിക നിലവാരം അളക്കുന്നത് അവർ മുതിർന്ന പൗരന്മാരോട് കാണിക്കുന്ന പെരുമാറ്റത്തിലൂടെയും കരുതലിതിലൂടെയുമാണ്,” – മുഖ്യമന്ത്രി വി. ഡി. സതീശൻ

വയോജനങ്ങളെ ചേർത്തുപിടിക്കുന്ന മികച്ച കരുതൽ പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് വിശദമായ പഠനം ഉടൻ നടത്തും. മുതിർന്ന പൗരന്മാരുടെ ആരോഗ്യം, സാമ്പത്തിക സുരക്ഷ, മാനസിക ഉല്ലാസം, ഒറ്റപ്പെടൽ ഒഴിവാക്കാനുള്ള സാമൂഹിക ഇടപെടലുകൾ എന്നിവയെല്ലാം ഈ പുതിയ വകുപ്പിന് കീഴിൽ കൊണ്ടുവരും.

താഴെത്തട്ടിലുള്ള ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു

ആരോഗ്യ മേഖലയിൽ താഴെത്തട്ടിൽ മികച്ച സേവനം നൽകുന്ന ആശാവർക്കർമാരുടെ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവ്വം അംഗീകരിച്ചു.

  • ആശാ വർക്കർമാർ: ഇവരുടെ പ്രതിമാസ വേതനത്തിൽ 3,000 രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചു. ഇതോടെ നിലവിൽ ലഭിച്ചുകൊണ്ടിരുന്ന 9,000 രൂപയ്ക്ക് പകരം ഇനി മുതൽ 12,000 രൂപ വേതനമായി ലഭിക്കും. കൂടാതെ ഇവർക്ക് വിരമിക്കൽ സമയത്ത് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
  • മറ്റ് ജീവനക്കാർ: സംസ്ഥാനത്തെ അംഗൻവാടി വർക്കർമാർ, സ്കൂളുകളിലെ പാചകത്തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ വേതനത്തിലും 1,000 രൂപ വീതം വർദ്ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

സാമൂഹികരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന താഴെത്തട്ടിലുള്ള ജീവനക്കാരെയും സാധാരണക്കാരെയും സാമ്പത്തികമായി സഹായിക്കുക എന്നതാണ് പുതിയ സർക്കാരിന്റെ പ്രഥമ ലക്ഷ്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News