മെഡിക്കൽ കോളേജ് തീപിടുത്തം: അന്വേഷണത്തിന് പ്രത്യേക സംഘം; മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണം
തിരുവനന്തപുരം:
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിലുണ്ടായ തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ബയോമെഡിക്കൽ ടീം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അപകടസമയത്ത് ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്ന 32 രോഗികളും സുരക്ഷിതരാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പുക ഉയർന്ന ഉടൻ തന്നെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ചേർന്ന് രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഐസിയുവിന്റെ മുകൾ നിലയിലുള്ള രോഗികളെയും മുൻകരുതൽ നടപടിയായി മാറ്റിപ്പാർപ്പിച്ചു.
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തീപിടുത്തമുണ്ടായ സർജിക്കൽ ഐസിയുവിന്റെ പ്രവർത്തനം പുനരാരംഭിക്കൂ എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാൽ, ആശുപത്രിയിലെ മറ്റ് ഐസിയു വിഭാഗങ്ങളുടെ പ്രവർത്തനം തുടരാമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണസംഘം പരിശോധിക്കും.
