എൽഡിഎഫ്-ബിജെപി അന്തർധാര; ശബരിമല വിഷയത്തിൽ മോദിയുടെ മൗനം മുഖ്യമന്ത്രിയെ സഹായിക്കാനെന്ന് രാഹുൽ ഗാന്ധി

 എൽഡിഎഫ്-ബിജെപി അന്തർധാര; ശബരിമല വിഷയത്തിൽ മോദിയുടെ മൗനം മുഖ്യമന്ത്രിയെ സഹായിക്കാനെന്ന് രാഹുൽ ഗാന്ധി

ആലപ്പുഴ:

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എൽഡിഎഫിനെ ഇപ്പോൾ ‘ഇടതുപക്ഷം’ എന്ന് വിളിക്കാൻ കഴിയില്ലെന്നും ആർഎസ്എസുമായും ബിജെപിയുമായും കൂട്ടുകൂടാൻ മടിയില്ലാത്ത നേതാക്കളാണ് മുന്നണിയെ നയിക്കുന്നതെന്നും ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അദ്ദേഹം ആരോപിച്ചു.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം സംസ്ഥാന സർക്കാരിനെ സഹായിക്കാനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന മോദി കേരളത്തിലെത്തുമ്പോൾ ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് മിണ്ടുന്നില്ല. സ്വർണം കവർന്ന് പകരം ചെമ്പ് സ്ഥാപിച്ച സംഭവം അതീവ ഗൗരവതരമാണ്. എന്നാൽ കേരളത്തിലെ മുഖ്യമന്ത്രിയെയും എൽഡിഎഫിനെയും സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്,” രാഹുൽ കുറ്റപ്പെടുത്തി.

ഇടതുപക്ഷത്ത് ഇപ്പോൾ രണ്ട് തരം നേതാക്കളാണുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. ഹൃദയത്തിൽ പ്രത്യയശാസ്ത്രം കൊണ്ടുനടക്കുന്ന യഥാർത്ഥ ഇടതുപക്ഷ നേതാക്കൾ പാർട്ടിയിൽ ചതിക്കപ്പെട്ടിരിക്കുകയാണ്. മറുവശത്ത് ബിജെപിയുമായി രഹസ്യധാരണയുള്ള നേതാക്കളാണ് അധികാരം കൈയ്യാളുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയസാധ്യതകൾ ഊട്ടിയുറപ്പിക്കുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ ആലപ്പുഴയിലെ പ്രസംഗം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News