വൈക്കത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു: പ്രതിരോധ നടപടികൾ ഊർജിതം, പക്ഷികളെ കൊന്നൊടുക്കാൻ ഉത്തരവ്
കോട്ടയം:
വൈക്കം ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് രോഗം കണ്ടെത്തിയ സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെയും മറ്റ് വളർത്തുപക്ഷികളെയും അടിയന്തരമായി കൊന്നൊടുക്കാൻ (കള്ളിങ്) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവിട്ടു.
രോഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഉദയനാപുരം പഞ്ചായത്തിന് പുറമെ വൈക്കം നഗരസഭ, ചെമ്പ്, മറവൻതുരുത്ത് തുടങ്ങി സമീപത്തുള്ള എട്ട് പഞ്ചായത്തുകളിൽ പക്ഷി ഇറച്ചി, മുട്ട, വളം എന്നിവയുടെ വിൽപനയ്ക്കും കടത്തലിനും മൂന്ന് ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി. നിരീക്ഷണ മേഖലയ്ക്ക് പുറത്തേക്ക് പക്ഷികളെയും മറ്റും കൊണ്ടുപോകുന്നതിന് മൂന്ന് മാസത്തെ വിലക്കുമുണ്ട്.
നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പക്ഷികളെ പിടികൂടി ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസം കോഴിക്കോട്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അതേസമയം, കൃത്യമായ മുൻകൂർ വിവരം നൽകാതെ പക്ഷികളെ കൊന്നൊടുക്കുന്നതിനെതിരെ ചിലയിടങ്ങളിൽ വീട്ടുടമസ്ഥർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
