വനിതാ സംവരണ ബിൽ പാസാക്കാനായില്ല; രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി
By TNN web team
ന്യൂഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ബിൽ (നാരീശക്തി വന്ദൻ അഭിയാൻ) പാസാക്കാൻ സാധിക്കാത്തതിൽ രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ നിഷേധാത്മക നിലപാടുകളാണ് ബിൽ തടസ്സപ്പെടാൻ കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ താല്പര്യങ്ങൾ രാജ്യത്തേക്കാൾ വലുതായി കാണുന്ന ചിലരുടെ നിലപാടുകൾ സ്ത്രീശക്തിയുടെ വളർച്ചയെ ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
വനിതാ സംവരണ ബിൽ പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷം അത് ആഘോഷിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. “ഇന്നലെ രാജ്യത്തെ സ്ത്രീകളുടെ കണ്ണുകൾ ലോകസഭയിലേക്കായിരുന്നു. ബിൽ പാസാകാത്തതിൽ എൻ.ഡി.എ അംഗങ്ങൾ വിഷമിച്ചപ്പോൾ, പ്രതിപക്ഷാംഗങ്ങൾ ഡെസ്കിലടിച്ച് സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തെ സ്ത്രീകളോടുള്ള അവഹേളനമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇതിന് തിരിച്ചടി ലഭിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും പ്രാദേശിക പാർട്ടികളുടെ ഭാവി തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ സ്ത്രീകൾക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ആൾബലമില്ലാത്തതിനാൽ ബിൽ പാസാക്കാനായില്ലെങ്കിലും സ്ത്രീകളുടെ അവകാശങ്ങൾക്കായി ബിജെപിയും എൻഡിഎയും പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
