ഡൽഹിയിലെ വിദ്യാർഥി മാർച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമം: അടിയന്തര ഹർജി തള്ളി സുപ്രീം കോടതി

 ഡൽഹിയിലെ വിദ്യാർഥി മാർച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമം: അടിയന്തര ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി:

ഡൽഹിയിൽ സിജെപിയുടെ (കോക്രോച്ച് ജനതാ പാർട്ടി) നേതൃത്വത്തിൽ നടന്ന പാർലമെൻ്റ് മാർച്ചിൽ വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമം ചോദ്യം ചെയ്തുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. കോടതിയുടെ സമയം പാഴാക്കരുതെന്നും ദൃശ്യങ്ങൾ കാണാൻ താത്പര്യമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും പൊലീസ് നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങൾ തൻ്റെ പക്കലുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിദ്യാർഥികൾ ഇപ്പോഴും പ്രതിഷേധമുഖത്ത് തുടരുകയാണെന്നും അതിനാൽ വ്യാഴാഴ്ച തന്നെ വിഷയം പരിഗണിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. എന്നാൽ ഈ ഘട്ടത്തിൽ ദൃശ്യങ്ങൾ പരിശോധിക്കാൻ ബെഞ്ചിന് താത്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. അഭിഭാഷകൻ്റെ സമയം കോടതിയുടെ സമയത്തേക്കാൾ വിലപ്പെട്ടതാണെന്നും അതിനാൽ സമയം പാഴാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്ക് നേരെ നടന്ന മർദനത്തെക്കുറിച്ച് അഭിഭാഷകൻ ആവർത്തിച്ച് വാദിക്കുകയും തെളിവുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും കോടതി മുഖം തിരിക്കുകയായിരുന്നു.

നീറ്റ് പരീക്ഷ സ്വതന്ത്രവും നീതിയുക്തവുമായി നടത്തണമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. ഹർജിയിൽ മൂന്ന് ആവശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾ നേരിട്ട പൊലീസ് നടപടിയിലേക്ക് കോടതിയുടെ ശ്രദ്ധ ക്ഷണിക്കാൻ ശ്രമിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. തുടർന്ന് ബെഞ്ച് അടുത്ത വിഷയത്തിലേക്ക് കടന്നു. അതേസമയം കോടതിയുടെ ഈ സമീപനത്തിലും നന്ദി രേഖപ്പെടുത്തിയ അഭിഭാഷകൻ വിഷയം വളരെ പ്രധാനപ്പെട്ടതാണെന്ന് വീണ്ടും ഓർമിപ്പിച്ചു. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്ന വിഷയമായതിനാൽ കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News