തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ്; ശമ്പളം 2.85 ലക്ഷം രൂപ, കേരളത്തേക്കാൾ ഒരു ലക്ഷം അധികം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് അധികാരമേറ്റതോടെ സംസ്ഥാനത്തെ ഭരണനേതൃത്വത്തിന്റെ ശമ്പളവിവരങ്ങൾ പുറത്ത്. പ്രതിമാസം 2.85 ലക്ഷം രൂപയാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ശമ്പളം. സിനിമയിൽ നിന്ന് കോടികൾ പ്രതിഫലം വാങ്ങിയിരുന്ന താരം ഇനി മുതൽ സർക്കാർ നിശ്ചയിച്ച വേതനത്തിലായിരിക്കും സേവനം അനുഷ്ഠിക്കുക.
കേരള മുഖ്യമന്ത്രിയുടെ മാസശമ്പളം 1.85 ലക്ഷം രൂപയാണ്. അയൽസംസ്ഥാനവുമായി താരതമ്യം ചെയ്യുമ്പോൾ വിജയിക്ക് ഒരു ലക്ഷം രൂപയോളം അധികം ലഭിക്കും. ഇതിനു പുറമെ ചെന്നൈയിലെ ഔദ്യോഗിക വസതി, Z+ സുരക്ഷാ കവചം, ഔദ്യോഗിക വാഹനവ്യൂഹം, വിമാന-ട്രെയിൻ യാത്രകൾക്കുള്ള പൂർണ്ണ ചിലവുകൾ തുടങ്ങിയ ആനുകൂല്യങ്ങളും മുഖ്യമന്ത്രിക്ക് ലഭിക്കും.
ഇന്ത്യയിലെ മറ്റ് മുഖ്യമന്ത്രിമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ തെലങ്കാന മുഖ്യമന്ത്രിയാണ് 4.10 ലക്ഷം രൂപയുമായി പട്ടികയിൽ ഒന്നാമത്. ഡൽഹി (3.90 ലക്ഷം), ഉത്തർപ്രദേശ് (3.65 ലക്ഷം), മഹാരാഷ്ട്ര (3.40 ലക്ഷം) എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നാലെയുണ്ട്. അതേസമയം ത്രിപുര മുഖ്യമന്ത്രിയുടെ ശമ്പളമാണ് രാജ്യത്ത് ഏറ്റവും കുറവ് (1.05 ലക്ഷം രൂപ).
തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം വിജയിയുടെ ആകെ ആസ്തി 648 കോടി രൂപയാണ്. എന്നാൽ തമിഴ്നാട് നിയമസഭയിലെ ഏറ്റവും സമ്പന്നയായ എം.എൽ.എ. ലാൽഗുഡി മണ്ഡലത്തിൽ നിന്നുള്ള ലീമ റോസ് മാർട്ടിനാണ്. എ.ഐ.എ.ഡി.എം.കെ. പ്രതിനിധിയായ ഇവരുടെ ആസ്തി 5,863 കോടി രൂപയാണ്. അതായത് പുതിയ മുഖ്യമന്ത്രിയേക്കാൾ ഒൻപത് മടങ്ങ് അധികം ആസ്തി ലീമ റോസ് മാർട്ടിനുണ്ട്.
