സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 38 ആയി വർധിപ്പിച്ചു; കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു
BY: SATHYAN V NAIR
ന്യൂഡൽഹി:
സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ അംഗബലം 34-ൽ നിന്നും 38 ആയി വർധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഈ ഓർഡിനൻസിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ആകെ ജഡ്ജിമാരുടെ എണ്ണമാണ് ഇതോടെ 38 ആയി ഉയരുന്നത്. ചീഫ് ജസ്റ്റിസിനെ കൂടാതെ 37 ജഡ്ജിമാരാകും ഇനി സുപ്രീംകോടതിയിൽ ഉണ്ടാകുക.
സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. നിലവിൽ പാർലമെന്റ് സമ്മേളനം നടക്കാത്തതിനാലാണ് അടിയന്തരമായി ഓർഡിനൻസ് വഴി ഈ ഉത്തരവ് നിലവിൽ വന്നത്. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഓർഡിനൻസിന് പകരമുള്ള ഔദ്യോഗിക ബിൽ അവതരിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ജഡ്ജിമാരുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്.
ഇതിനുമുമ്പ് 2019-ലാണ് സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിച്ചത്. അന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാരുടെ എണ്ണം 31-ൽ നിന്ന് 34 ആയി ഉയർത്തുകയായിരുന്നു.
