ക്രമമായ വ്യായാമം പാർക്കിൻസൺസ് രോഗത്തിന്റെ തീവ്രത കുറയ്ക്കും: പുതിയ പഠന റിപ്പോർട്ട് പുറത്ത്

 ക്രമമായ വ്യായാമം പാർക്കിൻസൺസ് രോഗത്തിന്റെ തീവ്രത കുറയ്ക്കും: പുതിയ പഠന റിപ്പോർട്ട് പുറത്ത്

BY: TNN HEALTH DESK

പ്രാരംഭഘട്ട പാർക്കിൻസൺസ് രോഗബാധിതർ ക്രമമായി മിതമായതോ കഠിനമായതോ ആയ എയറോബിക് വ്യായാമങ്ങളിൽ (aerobic exercise) ഏർപ്പെടുന്നത് അവരുടെ ശാരീരികക്ഷമത നിലനിർത്താൻ സഹായിക്കുമെന്ന് പുതിയ പഠനം. വ്യായാമം ചെയ്യുന്നവരും ചെയ്യാത്തവരുമായ പാർക്കിൻസൺസ് രോഗികളെയും പൂർണ്ണ ആരോഗ്യവാന്മാരായ വ്യക്തികളെയും ഉൾപ്പെടുത്തി നടത്തിയ താരതമ്യ പഠനത്തിലാണ് (cross-sectional study) ഈ കണ്ടെത്തൽ.

പഠനത്തിനായി 70 കുറഞ്ഞ അളവിൽ വ്യായാമം ചെയ്യുന്ന പാർക്കിൻസൺസ് രോഗികളെയും, 35 ഉയർന്ന അളവിൽ വ്യായാമം ചെയ്യുന്ന പാർക്കിൻസൺസ് രോഗികളെയും, കൂടാതെ 35 ആരോഗ്യവാന്മാരായ വ്യക്തികളെയും നിരീക്ഷണവിധേയമാക്കി. ആഴ്ചയിൽ രണ്ട് തവണയെങ്കിലും, 3 മാസത്തിലധികമായി കഠിനമായ എയറോബിക് വ്യായാമം ചെയ്യുന്നവരെയാണ് ഉയർന്ന അളവിൽ വ്യായാമം ചെയ്യുന്നവരുടെ ഗണത്തിൽ ഉൾപ്പെടുത്തിയത്. രോഗികളുടെ ചലനശേഷി, നടത്തം, ബാലൻസ്, പേശീബലം, ഹൃദയാരോഗ്യം, മാനസികാവസ്ഥ, ജീവിതനിലവാരം എന്നിവയെല്ലാം വിപുലമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു.

സജീവമായ രോഗികളിൽ മികച്ച ചലനശേഷി

വ്യായാമം ശീലമാക്കിയ പാർക്കിൻസൺസ് രോഗികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മികച്ച ചലനശേഷിയും കുറഞ്ഞ രോഗലക്ഷണങ്ങളുമാണ് രേഖപ്പെടുത്തിയത്. ശാരീരികവും മാനസികവുമായ പല അളവുകോലുകളിലും ഇവരുടെ പ്രകടനം പൂർണ്ണ ആരോഗ്യവാന്മാരായ വ്യക്തികളുടേതിന് സമാനമായിരുന്നു.

അതേസമയം, വ്യായാമം കുറഞ്ഞ രോഗികളിൽ ശാരീരികക്ഷമതയിലും ചലനശേഷിയിലും കാര്യമായ കുറവ് രേഖപ്പെടുത്തി. ഇരുവിഭാഗം രോഗികളിലും ചിന്താശേഷിയിൽ വലിയ വ്യത്യാസങ്ങൾ പ്രകടമായില്ലെങ്കിലും, പ്രോസസിങ് സ്പീഡിൽ (വിവരങ്ങൾ ഗ്രഹിക്കാനുള്ള വേഗത) ആരോഗ്യവാന്മാർ മുന്നിട്ടുനിന്നു. ജീവിതനിലവാരത്തിലോ വിഷാദരോഗ ലക്ഷണങ്ങളിലോ ഗ്രൂപ്പുകൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്താനായിട്ടില്ല.

പ്രാരംഭഘട്ടത്തിൽ തന്നെ മികച്ച രീതിയിലുള്ള എയറോബിക് വ്യായാമങ്ങൾ ശീലമാക്കുന്നത് പാർക്കിൻസൺസ് രോഗം മൂലമുണ്ടാകുന്ന ശാരീരിക തളർച്ചയെ പ്രതിരോധിക്കാൻ സഹായിക്കുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. അതിനാൽ, പാർക്കിൻസൺസ് ചികിത്സാ പദ്ധതികളുടെ തുടക്കത്തിൽ തന്നെ വ്യായാമവും ഒരു പ്രധാന ഘടകമായി ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് ഗവേഷകർ ശുപാർശ ചെയ്യുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News