ഹൈക്കോടതി വിധി: നിശ്ചിത ഫോർമാറ്റ് ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി
തിരുവനന്തപുരം:
തിരുവനന്തപുരം കോർപറേഷനിൽ വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ കേരള ഹൈക്കോടതി അസാധുവാക്കി. ഭരണഘടനാവിരുദ്ധമായാണ് സത്യപ്രതിജ്ഞ നടന്നതെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉൾപ്പെട്ട സിംഗിൾ ബെഞ്ച്, നാലാഴ്ചയ്ക്കകം ഇവർ ചട്ടപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദേശിച്ചു.
കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന് കൃത്യമായ ഫോർമാറ്റ് നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ ദൈവനാമത്തിലോ അല്ലെങ്കിൽ സഗൗരവമോ സത്യപ്രതിജ്ഞ ചെയ്യുന്നതിന് പകരം, അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ തുടങ്ങിയവരുടെയും ബലിദാനികളുടെയും പേരുകൾ ഉപയോഗിച്ചത് ചട്ടവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
ഹർജിക്ക് പിന്നിൽ സിപിഎം; വിധി പൂർണമായി അംഗീകരിക്കുന്നതായി മേയർ
കോർപറേഷനിലെ സിപിഎം പാർലമെൻ്ററി പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ എസ്.പി. ദീപക് ആണ് ബിജെപി കൗൺസിലർമാർക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം കൗൺസിൽ ഹാളിൽ ബിജെപി അംഗങ്ങൾ ശരണം വിളിച്ചതും ആർഎസ്എസിൻ്റെ ഗണഗീതം ആലപിച്ചതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഔദ്യോഗിക ചടങ്ങിനെ വർഗീയവത്കരിക്കാനുള്ള നീക്കത്തിനാണ് കോടതിയിലൂടെ തിരിച്ചടിയേറ്റതെന്ന് എസ്.പി. ദീപക് പ്രതികരിച്ചു.
അതേസമയം, ഹൈക്കോടതി വിധി പൂർണമായും അംഗീകരിക്കുന്നതായി കോർപറേഷൻ മേയർ വി.വി. രാജേഷ് വ്യക്തമാക്കി. കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന കോടതി നിർദേശം അക്ഷരംപ്രതി അനുസരിക്കും. വഞ്ചിയൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതൻ ഉൾപ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ കോടതി നിർദേശപ്രകാരം നാലാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നും മേയർ അറിയിച്ചു. കൗൺസിലർമാരുടെ വോട്ടവകാശം റദ്ദാക്കപ്പെട്ടിട്ടില്ലെന്നും, നിശ്ചയിച്ച പ്രകാരം ഈ മാസം 29-ന് നഗരസഭാ കൗൺസിൽ യോഗം ചേരുമെന്നും മേയർ കൂട്ടിച്ചേർത്തു.
