കൊച്ചിയിൽ റെയിൽപ്പാളം മോഷണം പോയി; അതീവ സുരക്ഷാ മേഖലയിൽ വൻ സുരക്ഷാ വീഴ്ച

കൊച്ചി:
അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖ കവാടത്തിന് സമീപത്തുനിന്ന് അര കിലോമീറ്ററോളം റെയിൽപ്പാളം മോഷണം പോയി. സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുള്ള, പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത മേഖലയിൽ നിന്നാണ് വൻ തുക വിലമതിക്കുന്ന ഉരുക്കു പാളങ്ങൾ മുറിച്ചു കടത്തിയത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ നിലവിൽ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണ് നഷ്ടപ്പെട്ടത്.
ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ റെയിൽവേ ലൈനാണ് കാണാതായത്. മുൻപ് വെള്ളൂർ എച്ച്.എൻ.എല്ലിലേക്ക് കൽക്കരി കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഈ ട്രാക്ക്, നിലവിൽ ചരക്കുനീക്കം ഇല്ലാത്തതിനാൽ കാടുമൂടിക്കിടക്കുകയായിരുന്നു. പാളം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ മതിൽക്കെട്ടിനകത്ത് ചിതറിക്കിടക്കുന്ന നിലയിലാണ്.
ആഭ്യന്തര അന്വേഷണം തുടങ്ങി; പൊലീസിൽ പരാതി നൽകിയില്ല
തുറമുഖ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ കടന്നുപോകുന്ന ഈ പാളത്തിന്റെ പരിപാലന ചുമതല അവർക്ക് തന്നെയായിരുന്നു. റെയിൽവേ ലൈൻ റോഡിലേക്ക് തുറക്കുന്ന ഭാഗത്ത് ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇത്രയും കർശനമായ സുരക്ഷയുള്ള മേഖലയിൽ നിന്ന് ടൺ കണക്കിന് ഭാരമുള്ള റെയിൽവേ ട്രാക്ക് ആരുമറിയാതെ കടത്തിക്കൊണ്ടുപോയതിൽ വലിയ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ.
സംഭവത്തിൽ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം ആരംഭിച്ചതായാണ് വിവരം. എന്നാൽ ഇതുവരെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. ഇന്നലെ വൈകിട്ടോടെ റെയിൽവേ അധികൃതർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സംഭവത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
