തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ തെരുവ് യുദ്ധം; വനിതാ കൗൺസിലർക്ക് മർദ്ദനം
തിരുവനന്തപുരം:
തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിനിടെ യുഡിഎഫ് – ബിജെപി കൗൺസിലർമാർ തമ്മിൽ രൂക്ഷമായ കൈയാങ്കളിയും സംഘർഷവും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ബിജെപി അംഗവുമായ ചെമ്പഴന്തി അനിൽ, യുഡിഎഫ് പാർട്ടി നേതാവ് കെ.എസ്. ശബരീനാഥൻ എന്നിവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലേക്ക് നീണ്ടത്. സംഘർഷത്തിനിടെ യുഡിഎഫ് അംഗമായ പാളയം കൗൺസിലർ ഷെർളിക്ക് മർദ്ദനമേറ്റു.
കാപ്പ (KAAPA) കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ യോഗത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ ബഹളത്തെ തുടർന്ന് മിനിറ്റുകൾക്കകം കൗൺസിൽ യോഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നഗരസഭയിൽ തികച്ചും നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ദിവസം നഗരസഭയിലുണ്ടായ മറ്റൊരു സംഘർഷത്തിൽ പരിക്കേറ്റ് വീൽചെയറിലെത്തിയ കൗൺസിലർമാർ നോക്കിനിൽക്കവെയായിരുന്നു ഈ തെരുവ് യുദ്ധം.
ഹാജർ രേഖപ്പെടുത്താൻ ശ്രമിച്ച യുഡിഎഫ് അംഗങ്ങളായ മേരിപുഷ്പം, ഷെർളി എന്നിവരെ ബിജെപി അംഗം ചെമ്പഴന്തി ഉദയൻ തടഞ്ഞതായി ആരോപണമുയർന്നു. ഇത് യുഡിഎഫ് നേതാവ് കെ.എസ്. ശബരീനാഥൻ ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഉന്തും തള്ളുമായി. സംഘർഷത്തിനിടെ യുഡിഎഫ് അംഗങ്ങൾ മേശപ്പുറത്തിരുന്ന ചുടുവെള്ളം ബിജെപി അംഗങ്ങൾക്ക് നേരെ ഒഴിച്ചു. ചെമ്പഴന്തി ഉദയൻ ശബരീനാഥനെ മർദ്ദിക്കാൻ ശ്രമിക്കുന്നതിനിടെ പാളയം കൗൺസിലർ ഷെർളിയുടെ തലയ്ക്കാണ് മർദ്ദനമേറ്റത്. അതേസമയം തൻ്റെ ഷർട്ട് വലിച്ചുകീറി യുഡിഎഫ് അംഗങ്ങൾ മർദ്ദിച്ചതായി ചെമ്പഴന്തി ഉദയനും ആരോപിച്ചു.
കാപ്പ കേസിൽ അറസ്റ്റിലായ വാഴോട്ടുകോണം കൗൺസിലർ സുഗതൻ യോഗത്തിൽ പങ്കെടുത്തില്ലെന്ന വിവരം മറച്ചുവെക്കാൻ ബിജെപി അംഗങ്ങൾ രജിസ്റ്റർ കൈക്കലാക്കാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണമായതെന്ന് ശബരീനാഥൻ ആരോപിച്ചു. അക്രമത്തിനെതിരെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത് ക്രിമിനൽ കേസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മർദ്ദനമേറ്റതിൽ പോലീസിൽ പരാതി നൽകുമെന്ന് കൗൺസിലർ ഷെർളിയും അറിയിച്ചു. സുഗതനെ പുറത്താക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് എൽഡിഎഫ് നേതാവ് എസ്.പി. ദീപക് പ്രസ്താവിച്ചു.
അതേസമയം, വിഴിഞ്ഞം ഹാർബർ വാർഡിൽ രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതിപ്രകാരം നിർമ്മിച്ച ഫ്ളാറ്റുകളിലെ അഴിമതിയെക്കുറിച്ച് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൻ്റെ (CET) സഹായത്തോടെ അന്വേഷണം നടത്തുമെന്നും, സ്മാർട്ട് സിറ്റി പദ്ധതിയിലെ അഴിമതിയിൽ സർക്കാരിനെ സമീപിക്കുമെന്നും മേയർ വി.വി. രാജേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
