നിലപാടുകളുടെ ശരിവഴികൾ…
പ്രവീൺ – വാരചിന്ത
ജനഹിതം മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടോ ജനപിന്തുണ ബോധ്യപ്പെടാത്തതുകൊണ്ടോ അല്ല മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് വൈകിയത്. അതാണ് രാഷ്ട്രീയം — ജനപ്രതിനിധികൾക്കും പാർട്ടിയുടെ ഉന്നത നേത്യത്വത്തിനും മാത്രം പൂർണമായി മനസ്സിലാകുന്ന സാങ്കേതികതയുടെയും പ്രായോഗികതയുടെയും രാഷ്ട്രീയം…
പക്ഷേ ജനപക്ഷ രാഷ്ട്രീയം മറ്റൊന്നായിരുന്നു. തലമുറകളായി ആവർത്തിക്കപ്പെട്ടിരുന്ന “Who cares?” എന്ന പരമ്പരാഗത രാഷ്ട്രീയ ദുർനടപ്പിന് മുഖത്തടിയാകുക മാത്രമല്ല, അതിനെ ചവിട്ടിക്കൂട്ടി കുപ്പത്തൊട്ടിയിലേക്ക് എറിയുകയും ചെയ്ത ഒരു നിലപാട്. സമ്മതത്തോടെയോ അല്ലാതെയോ, നിവർത്തികേടുകൊണ്ടും ഗതികേടുകൊണ്ടും, അറിഞ്ഞവരും അറിയാത്തവരും ആയ അനേകം ഇരകൾ മാത്രമല്ല, ഇങ്ങനെയൊരു സംസ്കാരം നമ്മുടെ നാടിന് ഭൂഷണമല്ലെന്ന് ആഗ്രഹിച്ച ഓരോ മനുഷ്യന്റെയും മനസ്സിൽ — പ്രത്യേകിച്ച് ന്യൂജൻ പെൺകുട്ടികളുടെ മനസ്സിൽ — നായകപരിവേഷം കൈവരിക്കാനായ നേതാവ്…
പരമ്പരാഗത സാമുദായിക സമവാക്യ ഭീഷണികൾക്കതീതമായി ശക്തമായി എടുത്ത നിലപാടുകൾ… അങ്ങനെ ഒന്നൊന്നായി ജനപക്ഷ രാഷ്ട്രീയത്തിന്റെ ശരിവഴികൾ വിശ്വാസത്തിന്റെ അളവുകോലായി മാറി.
ആ തീരുമാനം ശരിയായിരുന്നു എന്ന് മാത്രമല്ല, അതിന് മാറ്റുകൂട്ടുന്നതുമായിരുന്നു ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ സമാശ്വാസ പ്രഖ്യാപനങ്ങൾ…
എന്നാൽ രണ്ടാം മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ പ്രഖ്യാപനം ചരിത്രത്തിന്റെ താളുകളിൽ എന്നും തെളിമയോടെ നിലകൊള്ളും. തെക്കുവടക്ക് അപ്പവുംകൊണ്ട് ഓടിനടക്കാൻ വികസനവേഗ വ്യാജേന പറമ്പിലും അടുക്കളയിലും നെഞ്ചിലും എല്ലാ ജനകീയ പ്രക്ഷോഭങ്ങളെയും അടിച്ചമർത്തി ധാർഷ്ട്യ അധികാര ബലത്തിൽ പാകിയ മഞ്ഞക്കുറ്റികൾ പിഴുതെറിയാൻ എടുത്ത തീരുമാനം. ദിവസങ്ങളും മാസങ്ങളും മാത്രമല്ല, വർഷങ്ങളോളം ഒന്നു സ്വസ്ഥമായി കിടന്നുറങ്ങാൻ പോലും കഴിയാതിരുന്ന നിരാലംബരുടെ കരഞ്ഞുകലങ്ങിയ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം നിറച്ച പ്രഖ്യാപനമായിരുന്നു അത്…
ജനങ്ങൾക്ക് പ്രതീക്ഷയുണ്ട് — അതോ അമിതപ്രതീക്ഷയുണ്ട്…
കാലാകാലങ്ങളായി കൂടെ നിൽക്കും എന്ന് വിശ്വസിച്ചുപോന്ന നേതാക്കളുടെ അരുതായ്മകളിൽ നിന്ന് ഉയർന്നുവന്ന ഒരു അമിതപ്രതീക്ഷ…
അത് മനസ്സിലാക്കേണ്ടത് അദ്ദേഹം മാത്രമല്ല; അദ്ദേഹത്തോടൊപ്പം ആ ടീമിനെ നയിക്കാൻ നിയോഗിക്കപ്പെട്ട പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള പുതിയ നേതൃത്വവുമാണ്.
നിലപാടുകളുടെ ശരിവഴികളിലേക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുരുമ്പുപിടിച്ച് അടഞ്ഞുകിടന്ന ഗേറ്റ് തുറന്നിടുമ്പോൾ, സമാധാനത്തിന്റെയും സമാശ്വാസത്തിന്റെയും വെളുത്ത ഭരണസിരാകേന്ദ്രം കൺകുളിർക്കെ, മനസ്സു നിറയെ കാണാം…
അടിസ്ഥാന വർഗ്ഗത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ അനേകം മഹാരഥന്മാർ അഭിമാനത്തോടെ ഇരുന്ന് മൺമറഞ്ഞ ആ കസേരയുടെ മഹത്വം നിലനിർത്താൻ, എല്ലാ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക പരീക്ഷണങ്ങളെയും അതിജീവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു…


