യുവാവിനെ തട്ടിിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേർ മണ്ണന്തല പൊലീസിന്റെ പിടിയിൽ
തിരുവനന്തപുരം:
മുൻവൈരാഗ്യം കാരണം വെമ്പായം പുത്തൻവിള സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി, മൂന്നുദിവസം അനധികൃതമായി തടങ്കലിൽ പാർപ്പിച്ച് മാരകമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപ്രതികളെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു.
മലയിൻകീഴ്, വിറകുവെട്ടിക്കോണം, ആതിരനിലയത്തിൽ സുരേന്ദ്രന്റെ മകൻ അഭിലാഷ് (അഭി – 39), മലയിൻകീഴ്, അരുവിപ്പാറ, തെക്കേവിള വീട്ടിൽ സത്യന്റെ മകൻ സുജിത് (ചിക്കു – 32), കായംകുളം, വള്ളികുന്നം, കടുവിനാൽ, സുഭാഷ് ഭവനിൽ ലളിതയുടെ മകൾ സരിത (37) എന്നിവരാണ് പിടിയിലായത്.
പ്രതികാരത്തിന് കാരണം ഭാര്യയുടെ അറസ്റ്റ്:
കേസിലെ ഒന്നാം പ്രതിയായ അഭിലാഷിന്റെ ഭാര്യ മോഷണക്കേസിൽ ഉൾപ്പെട്ട് ജയിലിൽ പോകാൻ കാരണം ഈ യുവാവാണെന്ന വിരോധമാണ് ക്രൂരമായ കുറ്റകൃത്യത്തിന് പ്രേരണയായത് എന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
2026 മേയ് 22-ാം തീയതി മരുതൂരിലുള്ള ഒരു ഫ്ലാറ്റിലേക്ക് പ്രതികൾ യുവാവിനെ സൗഹൃദം നടിച്ച് വിളിച്ചുവരുത്തി. അവിടെവെച്ച് അസഭ്യം പറയുകയും, കൈയിൽ കരുതിയിരുന്ന മഴുവിന്റെ പിൻഭാഗം കൊണ്ടും ഇടിവള ഉപയോഗിച്ചും ക്രൂരമായി മർദ്ദിച്ചു. മൂന്നാം പ്രതിയായ സരിത മുളകുവെള്ളം യുവാവിന്റെ ശരീരം മുഴുവൻ ഒഴിച്ച് ഉപദ്രവിച്ചതിനെത്തുടർന്ന് യുവാവിന് ബോധം നഷ്ടപ്പെട്ടു.
ഇതിനിടയിൽ യുവാവിനെ നിർബന്ധിച്ച് ഭീഷണിപ്പെടുത്തി രേഖകളിൽ ഒപ്പുവെപ്പിച്ചു സ്കൂട്ടർ കൈവശപ്പെടുത്താൻ ശ്രമിച്ചു. പിന്നീട് മൂവരും ചേർന്ന് യുവാവിനെ ചെമ്പൂരുള്ള ഒരു ഫ്ലാറ്റിൽ എത്തിച്ച് അവിടെ അനധികൃതമായി തടഞ്ഞുവെച്ച് മർദ്ദനം തുടരുകയും ചെയ്തു. പിന്നീട് ഇയാളെ അവിടെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മറ്റ് നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.
