കാസർകോട് ബെള്ളൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗാർഹിക പീഡനമെന്ന് കുടുംബം

 കാസർകോട് ബെള്ളൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗാർഹിക പീഡനമെന്ന് കുടുംബം

കാസർകോട്:

ജില്ലയിലെ ബെള്ളൂർ പള്ളപ്പാടിയിൽ ഭർതൃമതിയായ യുവതിയെ ഭർതൃവീട്ടിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളപ്പാടി സ്വദേശി സൈനുദ്ദീൻ്റെ ഭാര്യയും കർണാടക പുത്തൂർ സ്വദേശിനിയുമായ സെറീന (27) ആണ് മരണപ്പെട്ടത്. ബുധനാഴ്‌ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം നടന്നത്. മരണത്തിൽ ഗാർഹിക പീഡനമാരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

കുട്ടികളില്ലാത്തതിൻ്റെ പേരിൽ ഭർതൃമാതാവ് സെറീനയെ ക്രൂരമായ മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ആളുകളുടെ മുന്നിൽ വെച്ച് നിരന്തരം അപമാനിക്കാറുണ്ടായിരുന്നുവെന്നും, ഈ മാനസിക വിഷമം സഹിക്കാനാകാതെയാണ് സെറീന ആത്മഹത്യ ചെയ്തതെന്നും സഹോദരൻ അബ്‌ദുൾ റഹ്മാൻ പറഞ്ഞു. ഷെഡിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സെറീനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർതൃവീട്ടുകാർ ഫോണിൽ അറിയിച്ചതിനെ തുടർന്നാണ് മരണവിവരം ബന്ധുക്കൾ അറിയുന്നത്.

മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് സെറീനയുടെ സഹോദരൻ അബ്‌ദുൽ റഹ്മാൻ ആദൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. സംഭവത്തിൽ ആദൂർ പൊലീസ് സബ് ഇൻസ്പെക്‌ടർ എം. സുജിലേഷിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേൽനടപടികൾക്കായുള്ള റിപ്പോർട്ട് കാസർകോട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി. നിയമപ്രകാരമുള്ള ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടരന്വേഷണ നടപടികൾ പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചെങ്കള പാണലത്ത് ഭർതൃമതിയായ ഫാത്തിമത്ത് സുഫൈദ എന്ന യുവതി സ്വർണം ആവശ്യപ്പെട്ടുള്ള ഭർതൃപീഡനത്തെ തുടർന്ന് ആസിഡ് കുടിച്ച് ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തിൽ ഭർത്താവ് ആദിലിനെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്യുകയും ഭർതൃമാതാവിനെ പ്രതിചേർക്കുകയും ചെയ്തിരുന്നു. ആ നടുക്കം മാറുന്നതിന് മുൻപാണ് കാസർകോട് ജില്ലയെ വീണ്ടും കണ്ണീരിലാഴ്ത്തി ബെള്ളൂരിലെ ഈ ദാരുണ സംഭവം പുറത്തുവരുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News