പാരിപ്പള്ളി മെഡിക്കൽ കോളേജ് വികസനത്തിന് അടിയന്തര നടപടി; ഉറപ്പുനൽകി ആരോഗ്യ മന്ത്രി കെ. മുരളീധരൻ

 പാരിപ്പള്ളി മെഡിക്കൽ കോളേജ് വികസനത്തിന് അടിയന്തര നടപടി; ഉറപ്പുനൽകി ആരോഗ്യ മന്ത്രി കെ. മുരളീധരൻ

കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ രോഗികളും ആരോഗ്യപ്രവർത്തകരും നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആശുപത്രിയുടെ ഭാവി വികസനത്തിനുമായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പുനൽകി. ചാത്തന്നൂർ നിയമസഭാ സാമാജികൻ ബി ബി ഗോപകുമാർ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന്‍റെയും നേരിട്ട് നൽകിയ നിവേദനത്തിന്‍റെയും അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.

കൊല്ലം ജില്ലയിലെയും ചാത്തന്നൂർ മണ്ഡലത്തിലെയും സാധാരണക്കാരായ ജനങ്ങളുടെ പ്രധാന ചികിത്സാ കേന്ദ്രമായ പാരിപ്പള്ളി മെഡിക്കൽ കോളേജിന്‍റെ നിലവിലെ പ്രതിസന്ധികളും വികസന ആവശ്യങ്ങളും ജനപ്രതിനിധികൾ മന്ത്രിക്ക് മുന്നിൽ വിശദമായി അവതരിപ്പിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകളും ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആവശ്യങ്ങളും മുൻനിർത്തി ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂലമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

നൂറുദിന കർമ്മപരിപാടിയിൽ എം.ആർ.ഐ സ്കാനും തസ്തിക നികത്തലും

മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി സുപ്രധാന പ്രഖ്യാപനങ്ങളാണ് ആരോഗ്യ മന്ത്രി നടത്തിയത്. സർക്കാരിന്‍റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ആശുപത്രിയിൽ അടിയന്തരമായി എം.ആർ.ഐ സ്കാൻ (MRI Scan) സംവിധാനം സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനുപുറമേ, നിലവിൽ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒഴിവുള്ള മുഴുവൻ മെഡിക്കൽ – പാരാമെഡിക്കൽ തസ്തികകളും അടിയന്തരമായി നികത്താൻ നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രോമാ കെയറും കാത്ത് ലാബും പുനരുജ്ജീവിപ്പിക്കും

ഏറെ നാളായി നിശ്ചലാവസ്ഥയിലായിരുന്ന ട്രോമാ കെയർ യൂണിറ്റ് അടിയന്തരമായി പുനരുജ്ജീവിപ്പിക്കും. അതോടൊപ്പം ഹൃദ്രോഗ വിഭാഗം കെയർ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കാത്ത് ലാബിന്‍റെ (Cath Lab) പ്രവർത്തനം കൂടുതൽ ശാക്തീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. രോഗികളും കൂട്ടിരിപ്പുകാരും നിലവിൽ ഏറെ ബുദ്ധിമുട്ട് നേരിടുന്ന വാർഡുകളിലെയും മറ്റും കേന്ദ്ര ശീതീകരണ സംവിധാനം (Central AC) മാറ്റിസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികളും വകുപ്പ് സ്വീകരിക്കും.

വികസനത്തിനായി 20 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കും

ആശുപത്രിയുടെ ഭാവി വികസനവും കൂടുതൽ ചികിത്സാ സൗകര്യങ്ങളും മുൻനിർത്തി മെഡിക്കൽ കോളേജിനോട് ചേർന്നുള്ള 20 ഏക്കർ ഭൂമി കൂടി സർക്കാർ ഏറ്റെടുക്കുന്ന കാര്യത്തിൽ അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

ഡോക്ടർമാർ, ജീവനക്കാർ, രോഗികൾ എന്നിവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി മെഡിക്കൽ കോളേജിൽ കൂടുതൽ മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായുള്ള ഇടപെടലുകൾ ശക്തമായി തുടരുമെന്ന് പ്രാദേശിക ജനപ്രതിനിധികൾ വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News