കഴക്കൂട്ടത്തെ തോൽവിക്ക് പിന്നിൽ യൂസഫലിയുടെ ഇടപെടൽ: ഗുരുതര ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്; പുതിയ മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ

 കഴക്കൂട്ടത്തെ തോൽവിക്ക് പിന്നിൽ യൂസഫലിയുടെ ഇടപെടൽ: ഗുരുതര ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്; പുതിയ മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ

BY:TS TVM

തിരുവനന്തപുരം: കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ തന്റെ പരാജയത്തിന് കാരണം പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ രാഷ്ട്രീയ ഇടപെടലാണെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ടി. ശരത്ചന്ദ്ര പ്രസാദ് രംഗത്ത്. തെരഞ്ഞെടുപ്പിൽ മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ മറിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന് നൽകാൻ യൂസഫലി ഇടപെട്ടതായും, ഇതേത്തുടർന്നുണ്ടായ വോട്ട് ചോർച്ചയാണ് ബിജെപി സ്ഥാനാർത്ഥി വി. മുരളീധരന്റെ വിജയത്തിന് വഴിവെച്ചതെന്നും ശരത്ചന്ദ്ര പ്രസാദ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അതേസമയം, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനെ സന്ദർശിച്ച് എം.എ. യൂസഫലി അഭിനന്ദനം അറിയിച്ചു.

‘മഹല്ല് കമ്മിറ്റി വിളിച്ച് വോട്ട് മറിച്ചു’; ആരോപണങ്ങളുമായി ശരത്ചന്ദ്ര പ്രസാദ്

തെരഞ്ഞെടുപ്പിന് ഏഴ് ദിവസമുള്ളപ്പോൾ എം.എ. യൂസഫലിയുടെ നിർദ്ദേശപ്രകാരം മണ്ഡലത്തിൽ പ്രത്യേക മഹല്ല് കമ്മിറ്റി വിളിച്ചുചേർത്തതായി ശരത്ചന്ദ്ര പ്രസാദ് ആരോപിക്കുന്നു.

“യുഡിഎഫ് സ്ഥാനാർത്ഥിയോട് സ്നേഹമുണ്ടെങ്കിലും അദ്ദേഹത്തിന് വോട്ട് ചെയ്താൽ ബിജെപിയുടെ വി. മുരളീധരൻ ജയിക്കുമെന്നും, അതിനാൽ എൽഡിഎഫിലെ കടകംപള്ളി സുരേന്ദ്രന് വോട്ട് ചെയ്യണമെന്നും യൂസഫലി നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ എന്റെ വോട്ട് മാർജിൻ താഴുകയും ബിജെപി സ്ഥാനാർത്ഥിക്ക് വിജയിക്കാൻ സാഹചര്യമൊരുങ്ങുകയും ചെയ്തു. എൽഡിഎഫിന്റെ 6,500 ഓളം വോട്ടുകൾ ബിജെപിക്ക് പോയിട്ടുണ്ട്. വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും സ്പോൺസർ ചെയ്ത് ജയിപ്പിക്കാനുള്ള അന്തർധാര ഉണ്ടാക്കിയത് യൂസഫലിയാണ്.” — ടി. ശരത്ചന്ദ്ര പ്രസാദ്

കടുത്ത ത്രികോണ മത്സരത്തിനൊടുവിൽ വെറും 428 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥി വി. മുരളീധരൻ (46,546 വോട്ട്) വിജയിച്ചത്. കടകംപള്ളി സുരേന്ദ്രന് 46,136 വോട്ടുകൾ ലഭിച്ചപ്പോൾ, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശരത്ചന്ദ്ര പ്രസാദിന് 37,183 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും, കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനെ ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ. യൂസഫലി നേരിട്ടെത്തി അഭിനന്ദിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

കേരളത്തിന്റെ പൊതുവായ വികസനത്തിനും പുരോഗതിക്കും കൂടുതൽ കാര്യങ്ങൾ നിർവ്വഹിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെയെന്ന് യൂസഫലി ആശംസിച്ചു. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്ക് പ്രവാസി മലയാളി ക്ഷേമം കൂടുതൽ ശക്തമായി ഉറപ്പുവരുത്താൻ കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News