ഗുരുവായൂർ ദേവസ്വം-മാതൃഭൂമി ‘ആന വര’ ചിത്രരചനാ മത്സര വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
BY: PRANOB GURUVAYUR
ഗുരുവായൂർ:
സർഗ്ഗാത്മകതയുടെ വർണ്ണക്കാഴ്ചകൾ തീർത്ത നാലാമത് ‘ആന വര’ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഗുരുവായൂർ ദേവസ്വവും മാതൃഭൂമിയും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ എത്തിയ കുട്ടിചിത്രകാരന്മാർക്ക് തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വെച്ച് ഉപഹാരങ്ങളും കാഷ് അവാർഡുകളും സമ്മാനിച്ചു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. തുടർന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം കൊണ്ട് ഈ സംരംഭം നാടിന് തന്നെ മാതൃകയായെന്നും മാതൃഭൂമിയുടെ ദീർഘവീക്ഷണം അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാതൃഭൂമി ചീഫ് എഡിറ്റർ മനോജ് കെ. ദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വെച്ച് പ്രത്യേക സപ്ലിമെന്റിന്റെ പ്രകാശനം ഗുരുവായൂർ എ.സി.പി. സുരേന്ദ്രൻ മങ്ങാട്ട് നിർവ്വഹിച്ചു. കാലാവധി പൂർത്തിയാക്കുന്ന ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ എന്നിവരെ മാതൃഭൂമി ചടങ്ങിൽ ആദരിക്കുകയുണ്ടായി.
മേളപ്രമാണി പെരുവനം കുട്ടൻമാരാരുടെ സാന്നിധ്യത്തിൽ തത്സമയ വര നടത്തിയ പ്രമുഖ കലാകാരന്മാർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. ചിത്രകാരൻ കെ.യു. കൃഷ്ണകുമാർ മത്സര അവലോകനം നടത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി. വിശ്വനാഥൻ, സി. മനോജ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരി ഗോപാൽ എന്നിവർ ആശംസകൾ നേർന്നു. മാതൃഭൂമി ന്യൂസ് എഡിറ്റർ എം.കെ. കൃഷ്ണകുമാർ സ്വാഗതവും കെ.ജി. സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.
