പരിസ്ഥിതിക്ക് വില്ലനായ പച്ച ഞണ്ടുകളെ ‘രുചികരമായ വിഭവ’മാക്കി വിപണിയിലെത്തിച്ച് ന്യൂ ഇംഗ്ലണ്ട്
യോർക്ക് (മെയ്ൻ): ന്യൂ ഇംഗ്ലണ്ടിലെ സമുദ്ര പരിസ്ഥിതി വ്യവസ്ഥയ്ക്ക് ഭീഷണിയായ യൂറോപ്യൻ പച്ച ഞണ്ടുകളെ (European green crabs) ഭക്ഷണമാക്കി മാറ്റി പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയാണ് പ്രാദേശിക വിപണി. സാധാരണ കടുപ്പമുള്ള തോടുള്ള ഈ ഞണ്ടുകൾ പരിസ്ഥിതിക്ക് കനത്ത നാശമുണ്ടാക്കുന്നവയാണ്. എന്നാൽ ഇവ തോട് പൊഴിക്കുന്ന സമയത്ത് (Molt) മൃദുവായ ഘടന കൈവരിക്കുമ്പോൾ പിടികൂടി പ്രീമിയം സീഫുഡ് വിഭവങ്ങളായി ഹോട്ടലുകളിൽ എത്തിക്കുകയാണ് പുതിയ രീതി.
ഈ രീതി വഴി പരിസ്ഥിതി സംരക്ഷണം സാധ്യമാകുന്നതിനൊപ്പം മീൻപിടുത്തക്കാർക്ക് മികച്ച വരുമാനവും ലഭിക്കുന്നു. സാധാരണ പച്ച ഞണ്ടുകൾക്ക് 8 സെന്റ് മാത്രം വില ലഭിക്കുമ്പോൾ, തോട് പൊഴിച്ച മൃദുവായ ഞണ്ടുകൾക്ക് വിപണിയിൽ 3 ഡോളർ വരെ വില ലഭിക്കുന്നുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന ‘ഷെൽ+ക്ലോ’ (shell+claw) സ്ഥാപകൻ മൈക്ക് മാസി വ്യക്തമാക്കി. പ്രകൃതിക്ക് ഭീഷണിയായ ഒരു ജീവിയെ ജനപ്രിയ വിഭവമാക്കി മാറ്റുന്നതിലൂടെ ഇവയുടെ വർദ്ധനവ് തടയാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
