ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്: കൊച്ചിയിൽ 31 കിലോ കഞ്ചാവുമായി 4 അന്യസംസ്ഥാനക്കാർ പിടിയിൽ
BY: HABEEB PALARIVATTOM
കൊച്ചി: കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കിവരുന്ന ലഹരിവിരുദ്ധ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ (Operation Toofan Narco Hunt) ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ 31.382 കിലോഗ്രാം കഞ്ചാവ് പിടികൂടി. മൂന്ന് ദിവസത്തിനിടെ മൂന്ന് വ്യത്യസ്ത കേസുകളിലായി നടന്ന പരിശോധനയിൽ നാല് അന്യസംസ്ഥാന സ്വദേശികളെ ഡാൻസാഫ് (DANSAF) സംഘം അറസ്റ്റ് ചെയ്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS-ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകൾ. DCP-മാരായ അരുൺ കെ. പവിത്രൻ IPS, മോഹിത് റാവത്ത് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ T. D. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് സംഘം പ്രതികളെ വലയിലാക്കിയത്.
പ്രധാന അറസ്റ്റുകൾ:
- എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ (സെപ്റ്റംബർ 2): കെ.പി. എൽസേബിയൂസ് മാസ്റ്റർ റോഡിന് സമീപത്ത് നിന്ന് 5.100 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ റായഗഡ സ്വദേശി ഗന്ധർപ്പ ഖുറ (Gandharpa Khura – 27) പിടിയിലായി.
- ഏലൂർ പോലീസ് സ്റ്റേഷൻ പരിധി (സെപ്റ്റംബർ 1): മഞ്ഞുമ്മൽ ജനതാ ഭാഗത്ത് നടത്തിയ പരിശോധനയിൽ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി റാംജാൻ മൊണ്ടൽ (33) എന്നയാളിൽ നിന്ന് 14.130 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
- കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധി (ഓഗസ്റ്റ് 31): സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 12.152 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവർ അറസ്റ്റിലായി.
അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് ലഹരിവസ്തുക്കൾ കടത്തുന്ന വൻ ശൃംഖലകളെ ലക്ഷ്യമിട്ട് റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ലേബർ ക്യാമ്പുകൾ, ലോഡ്ജുകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന കടുപ്പിച്ചിട്ടുണ്ട്. ലഹരിക്കടത്ത് നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
