ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച ഗുരുവായൂരിൽ 400-ലേറെ വിവാഹങ്ങൾ: വൻ ഭക്തജനത്തിരക്ക് മുന്നിൽ കണ്ട് പ്രത്യേക ക്രമീകരണങ്ങളുമായി ദേവസ്വം
BY:pranob guruvayur
ഗുരുവായൂർ: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ സെപ്റ്റംബർ 13-ന് ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹത്തിരക്ക് അനുഭവപ്പെടുമെന്ന് കണക്കുകൂട്ടൽ. ഇതിനകം 409 വിവാഹങ്ങൾക്കായി ശീട്ടാക്കിക്കഴിഞ്ഞതായി ഗുരുവായൂർ ദേവസ്വം അറിയിച്ചു. ചടങ്ങിന്റെ തലേദിവസം വരെ ബുക്കിംഗ് സൗകര്യമുള്ളതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത.
തീർഥാടകർക്ക് സുഗമമായ ക്ഷേത്രദർശനവും വിവാഹച്ചടങ്ങുകളും ഉറപ്പാക്കാൻ പൊലീസുമായി സഹകരിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ഒരുക്കുന്നത്. ഭക്തജനങ്ങളുടെ സഹകരണവും ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും അഭ്യർത്ഥിച്ചു.
പ്രധാന ക്രമീകരണങ്ങൾ:
- കല്യാണം പുലർച്ചെ 4 മുതൽ: ചടങ്ങുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 4 മണി മുതൽ താലികെട്ട് ആരംഭിക്കും.
- 6 മണ്ഡപങ്ങൾ: താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. കൂടാതെ, കൂടുതൽ കോയ്മമാരെയും മംഗളവാദ്യ സംഘത്തെയും നിയോഗിക്കും.
- വൺവേ നിയന്ത്രണം: കിഴക്കേ നട പൂർണ്ണമായും വൺവേ ആക്കി ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിടും.
- വിവാഹസംഘങ്ങൾക്ക് നിർദ്ദേശം: മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തുള്ള പുതിയ നടപ്പന്തലിലെ കൗണ്ടറിൽ നിന്ന് ടോക്കൺ വാങ്ങിയ ശേഷം ഊഴമെത്തുമ്പോൾ കിഴക്കേ നട മണ്ഡപത്തിലെത്തി ചടങ്ങ് നടത്താം. ചടങ്ങിന് ശേഷം തെക്കേ നട വഴി മാത്രമായിരിക്കും മടക്കം.
- അംഗസംഖ്യയിൽ നിയന്ത്രണം: ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ വധൂവരന്മാർക്കൊപ്പം പരമാവധി 24 പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനമുള്ളൂ.
- ദർശനത്തിൽ മാറ്റങ്ങൾ: ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.
- പാർക്കിംഗ് റോഡിൽ അനുവദിക്കില്ല: ക്ഷേത്രത്തിന്റെ ഇന്നർ, ഔട്ടർ റിംഗ് റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ദേവസ്വം ശ്രീകൃഷ്ണ എച്ച്.എസ്.എസ്, ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനങ്ങളിൽ പാർക്കിംഗ് സൗകര്യമുണ്ടാകും.
- സുരക്ഷയും സിസിടിവിയും: ക്ഷേത്രത്തിനകത്തും പുറത്തും കൂടുതൽ പൊലീസിനെയും സുരക്ഷാ ജീവനക്കാരെയും വിന്യസിക്കും. മഫ്ടി പൊലീസിന്റെ നിരീക്ഷണവും 24 മണിക്കൂർ സിസിടിവി നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.
കഴിഞ്ഞ അഷ്ടമിരോഹിണി ദിനത്തിൽ ഒന്നര ലക്ഷത്തിലധികം ഭക്തർ ക്ഷേത്രത്തിലെത്തിയതായും പ്രസാദ ഊട്ടിൽ അമ്പതിനായിരത്തോളം പേർ പങ്കെടുത്തതായും ദേവസ്വം അറിയിച്ചു. കൂടാതെ, സെപ്റ്റംബർ 2-ന് ആരംഭിച്ച കൃഷ്ണനാട്ടത്തിന് ഇതുവരെ 5,065 ഭക്തർ ശീട്ടാക്കിയിട്ടുണ്ട്. പുന്നത്തൂർ കോവിലകം പുതുക്കിപ്പണിയുന്നതിന് 6.40 കോടിയുടെയും വെങ്ങാട് ഗോശാല നവീകരണത്തിന് 70 കോടിയുടെയും പദ്ധതികൾക്ക് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചതായും ചെയർമാൻ വ്യക്തമാക്കി.
അതേസമയം, ക്ഷേത്രത്തിൽ ആചാരലംഘനം നടത്തിയ രണ്ട് ഓതിക്കന്മാരെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തതായും ഇവരിൽ നിന്ന് പുണ്യാഹച്ചെലവ് പിഴയായി ഈടാക്കുമെന്നും എ.വി. ഗോപിനാഥ് അറിയിച്ചു. ഇതര മതചിഹ്നങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
