ശ്രീലേഖയുടെ രാജിനാടകം അനുനയ വഴിയിൽ; പിൻവാങ്ങുന്നത് ബിജെപി നേതൃത്വത്തിന്റെ കടുപ്പിച്ചുപിടിത്തത്തിന് പിന്നാലെ

 ശ്രീലേഖയുടെ രാജിനാടകം അനുനയ വഴിയിൽ; പിൻവാങ്ങുന്നത് ബിജെപി നേതൃത്വത്തിന്റെ കടുപ്പിച്ചുപിടിത്തത്തിന് പിന്നാലെ

തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർ പദവി ഒഴിയുമെന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പ്രഖ്യാപനത്തിന് പെട്ടെന്ന് തന്നെ മാറ്റംവരുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കി ഇട്ടേച്ചുപോകാൻ വരട്ടെ എന്ന നിലപാടിൽ ബിജെപി നേതൃത്വം ശക്തമായ അനുനയ നീക്കങ്ങൾ നടത്തിയതോടെ രാജി തീരുമാനത്തിൽ നിന്ന് അവർ പിന്നോട്ടുപോകുമെന്നാണ് സൂചന. വാർഡ് ഗ്രൂപ്പിൽ അയച്ച വിടവാങ്ങൽ സന്ദേശം ശ്രീലേഖ തന്നെ ഡിലീറ്റ് ചെയ്തത് ഇതിന്റെ വ്യക്തമായ സൂചനയാണ്.

സെപ്റ്റംബർ 30-ന് മേയർ വി.വി. രാജേഷിന് രാജി നൽകിയെന്നും തിങ്കളാഴ്ച കളക്ടർക്ക് നൽകുമെന്നും ശാസ്തമംഗലം വാർഡ് ഗ്രൂപ്പിലൂടെയാണ് രാവിലെ 11.52-ന് അവർ അറിയിച്ചിരുന്നത്. എന്നാൽ നഗരസഭ സെക്രട്ടറിക്ക് ഔദ്യോഗികമായി കൈമാറിയാൽ മാത്രമേ രാജി പ്രാബല്യത്തിൽ വരൂ. അത് തടയാനാണ് നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ.

പോലീസിൽ നിന്ന് വിരമിച്ച് ബിജെപിയുടെ പ്രമുഖ മുഖമായി മാറിയ ശ്രീലേഖയ്ക്ക്, നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മേയർ സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും വി.വി. രാജേഷിനാണ് പാർട്ടി നറുക്കുവീണത്. തുടർന്ന് വട്ടിയൂർക്കാവിൽ നിയമസഭയിലേക്ക് ഇറങ്ങിയെങ്കിലും മൂന്നാമതായി. ഒടുവിൽ വാർഡ് കൗൺസിലർ പദവിയും ഉപേക്ഷിക്കാൻ മുതിർന്നതാണ് ഇപ്പോൾ ബിജെപി ഇടപെട്ട് തൽക്കാലത്തേക്ക് തടഞ്ഞിരിക്കുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ ശ്രീലേഖ ഇതുവരെ തയ്യാറായിട്ടില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News