വയറുകളില്ലാതെ അന്തരീക്ഷത്തിലൂടെ വൈദ്യുതി; ഫിൻലാന്റിൽ വിപ്ലവകരമായ പരീക്ഷണം: പ്രചരിക്കുന്ന വാർത്തയും യാഥാർത്ഥ്യവും
ഹെൽസിങ്കി: കേബിളുകളോ പവർ പ്ലഗ്ഗുകളോ ഇല്ലാതെ വായുവിലൂടെ വൈദ്യുതി വിതരണം ചെയ്യുന്ന സാങ്കേതികവിദ്യ ഫിൻലൻഡ് വിജയകരമായി പരീക്ഷിച്ചെന്ന വാർത്തകൾ ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. വൈഫൈ പോലെ വീടുകളിലും സ്ഥാപനങ്ങളിലും അന്തരീക്ഷത്തിലൂടെ വൈദ്യുതി എത്തിക്കാവുന്ന തരത്തിലുള്ള കണ്ടുപിടുത്തമാണ് നടന്നതെന്നാണ് സോഷ്യൽ മീഡിയയിലും യൂട്യൂബിലും വ്യാപകമായി പ്രചരിക്കുന്നത്.
ലോഹ വയറുകൾക്ക് പകരം അൾട്രാസോണിക് ശബ്ദതരംഗങ്ങളും ലേസറുകളും ഉപയോഗിച്ച് വായുവിനെ ഒരു വൈദ്യുത ചാലകമാക്കി മാറ്റുന്ന ‘അക്കൗസ്റ്റിക് വയർ’ (Acoustic Wires) തത്വമാണ് പരീക്ഷണത്തിന് അടിസ്ഥാനം. നൂറ്റാണ്ടുകൾക്ക് മുൻപ് പ്രശസ്ത ശാസ്ത്രജ്ഞൻ നിക്കോളാസ് ടെസ്ല ലക്ഷ്യമിട്ട വയർലെസ് ഇലക്ട്രിസിറ്റി എന്ന സ്വപ്നത്തിന്റെ തുടർച്ചയായാണ് ശാസ്ത്രലോകം ഇതിനെ വീക്ഷിക്കുന്നത്.
എന്നാൽ സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ വലിയ തോതിലുള്ള അതിശയോക്തിയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ പരീക്ഷണശാലയിൽ വളരെ കുറഞ്ഞ ദൂരത്തേക്ക് ചെറിയ ഉപകരണങ്ങളിലേക്ക് മാത്രമാണ് ഈ രീതിയിൽ വൈദ്യുതി എത്തിക്കാൻ കഴിഞ്ഞിട്ടുള്ളത്. വീടുകളിലെ പ്ലഗ് പോയിന്റുകളും ലൈനുകളും ഉടനടി അപ്രത്യക്ഷമാകുമെന്ന പ്രചരണം വസ്തുതാവിരുദ്ധമാണ്. എങ്കിലും, ഭാവിയിൽ ഗാഡ്ജറ്റുകളും ചെറിയ ഡ്രോണുകളും വയർലെസ്സായി ചാർജ് ചെയ്യുന്നതിൽ ഈ വിപ്ലവകരമായ മുന്നേറ്റം നിർണ്ണായക പങ്കുവഹിച്ചേക്കും
