ജിയോ ബിപി ഇന്ധനവില വർധിപ്പിച്ചു; പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി

 ജിയോ ബിപി ഇന്ധനവില വർധിപ്പിച്ചു; പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി

എറണാകുളം: രാജ്യത്ത് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ചു. നയാര എനർജിക്കു പിന്നാലെയാണ് ജിയോ ബിപിയും വില കൂട്ടിയത്. പെട്രോൾ ലീറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് സ്വകാര്യ കമ്പനികളെ ഇന്ധനവില വർധിപ്പിക്കാൻ പ്രേരിപ്പിച്ചത്.

ഒക്ടോബർ 11 മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വന്നത്. ഇതോടെ കൊച്ചിയിലെ ജിയോ ബിപി പമ്പുകളിൽ പെട്രോളിന് 118.69 രൂപയും ഡീസലിന് 105.59 രൂപയുമായി ഉയർന്നു. കഴിഞ്ഞ ആഴ്ച നയാര എനർജിയും സമാനമായ രീതിയിൽ വില കൂട്ടിയിരുന്നു. ഒക്ടോബർ 3ന് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് നയാര വർധിപ്പിച്ചത്.

സ്വകാര്യ കമ്പനികൾ വില കുത്തനെ കൂട്ടുമ്പോഴും ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ നിലവിൽ വില വർധിപ്പിച്ചിട്ടില്ല. കൊച്ചിയിൽ പൊതുമേഖലാ പമ്പുകളിൽ പെട്രോൾ വില 113.63 രൂപയും ഡീസലിന് 102.54 രൂപയുമാണ്. വില വ്യത്യാസം പ്രകടമായതോടെ ഉപഭോക്താക്കൾ കൂടുതലായി പൊതുമേഖലാ പമ്പുകളെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലാകെ 1.04 ലക്ഷം പെട്രോൾ പമ്പുകളാണുള്ളതിൽ 90 ശതമാനവും പൊതുമേഖലാ കമ്പനികളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.

രാജ്യാന്തര വിപണിയിലെ പ്രതിസന്ധി തുടർന്നാൽ പൊതുമേഖലാ കമ്പനികളും സമാനമായ നടപടിയിലേക്ക് കടക്കാൻ നിർബന്ധിതരായേക്കും. ഇന്ധനവിലയിലെ ഈ കുതിച്ചുചാട്ടം സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും ചരക്കുകടത്ത് ചെലവിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെയും വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News