തിരുവനന്തപുരം കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പാ കേന്ദ്രത്തിൽ വിറ്റു; കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

 തിരുവനന്തപുരം കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പാ കേന്ദ്രത്തിൽ വിറ്റു; കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

കോവളത്ത് ആന്ധ്ര സ്വദേശിയായ പതിനാറുകാരിയെ വിലയ്ക്ക് വാങ്ങി സ്പാ കേന്ദ്രത്തിൽ വിവിധ ഇടപാടുകാർക്ക് കാഴ്ചവച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ ഉള്ളൂർ സോൺ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോവളത്തെ ‘ഡ്രീം’ സ്പാ ഉടമ നിഷാന്ത് നേരത്തേ അറസ്റ്റിലായിരുന്നുവെങ്കിലും, സ്പായിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നതെന്ന് വ്യക്തമായതോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്പായുടെ യഥാർത്ഥ ഉടമ അനുരൂപ് ആണെന്നാണ് പൊലീസ് കണ്ടെത്തൽ.

പെൺകുട്ടിയെ ഒരു ലക്ഷം രൂപയ്ക്കാണ് ഇളയമ്മ കോവളത്തെ ആയുർവേദ സ്പായ്ക്ക് വിറ്റതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ സ്പാ സന്ദർശകരുടെ ലിസ്റ്റ് തയ്യാറാക്കി വരുന്ന പൊലീസ്, പെൺകുട്ടിയെ വെച്ച് തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പരേഡിൽ പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ കർശനമായി പോക്സോ വകുപ്പ് ചുമത്തും. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇടപാടുകാരെ എത്തിച്ച ഓട്ടോ ഡ്രൈവർമാരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. ചെന്നൈ ഗുഡുവഞ്ചേരിയിലെ സ്പായിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അവിടുത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുന്നത്. അന്യസംസ്ഥാന ബന്ധങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ദക്ഷിണമേഖല ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷിച്ചു വരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി പെൺകുട്ടിയെയും കൂട്ടി അന്വേഷണ സംഘം കോവളത്തെ വിവിധ സ്പാകളിൽ പരിശോധന നടത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News