പീരുമേട്ടിൽ കുടുംബവഴക്കിനെത്തുടർന്ന് ഇരട്ടക്കൊലപാതകം: ഭാര്യയും ഭർതൃമാതാവും കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
BY: SHIBU THAMPI IDUKKI
പീരുമേട്: ഇടുക്കി പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻമേരി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന പ്രിയങ്ക (30), അമ്മ വസന്ത (നേസം – 62) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയും പ്രിയങ്കയുടെ ഭർത്താവുമായ പ്രിൻസിനെ (34) നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രിൻസും പ്രിയങ്കയും തമ്മിൽ ഏറെനാളായി കുടുംബപ്രശ്നങ്ങളും വഴക്കുകളും നിലനിന്നിരുന്നു. മദ്യപിച്ചെത്തിയ പ്രതി ലയത്തിൽ വെച്ച് ആദ്യം ഭാര്യാമാതാവായ വസന്തയുമായി വഴക്കിടുകയും തുടർന്ന് ഇവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിനുശേഷം വീടിന് പുറത്തിറങ്ങിയപ്പോഴാണ് കടയിലെ ജോലി കഴിഞ്ഞ് പ്രിയങ്ക എത്തിയത്. തുടർന്ന് പ്രിയങ്കയെയും ഇയാൾ വഴിയിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയും വസന്തയും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പീരുമേട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയുമാണ്.
