പീരുമേട് ഗ്ലെൻമേരി ഇരട്ടക്കൊലപാതകം: എസ്റ്റേറ്റ് ലയങ്ങളിൽ പോലീസ് പട്രോളിംഗും ലഹരിവിരുദ്ധ ബോധവത്കരണവും ശക്തമാക്കണമെന്ന് ആവശ്യം
BY: SHIBU THAMPI
പീരുമേട്: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റ് ലയത്തിൽ രണ്ട് സ്ത്രീകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അടിയന്തര അന്വേഷണവും എസ്റ്റേറ്റ് മേഖലകളിൽ സുരക്ഷാ നടപടികളും ആവശ്യപ്പെട്ട് കേരള പ്ലാന്റേഷൻ ലേബർ വെൽഫെയർ മിഷൻ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി.
കഴിഞ്ഞ ഒക്ടോബർ 21-ന് വൈകിട്ട് 7:30-ഓടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പ്രിൻസ് എന്ന യുവാവ് തന്റെ ഭാര്യ പ്രിയങ്ക (30), ഭാര്യാമാതാവ് വസന്ത (62) എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേൽ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്ലാന്റേഷൻ മേഖലകളിൽ മദ്യപാനവും കുടുംബകലഹങ്ങളും വർധിച്ചുവരുന്നത് സ്ത്രീകളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്നുണ്ടെന്ന് മിഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
പ്രധാന ആവശ്യങ്ങൾ:
- കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കുക.
- അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇസ്രയേലിനും കുടുംബത്തിനും അടിയന്തര സാമ്പത്തിക സഹായവും സംരക്ഷണവും ലഭ്യമാക്കുക.
- എസ്റ്റേറ്റ് ലയങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും ആവശ്യമായ കൗൺസിലിംഗും സംഘടിപ്പിക്കുക.
- പ്ലാന്റേഷൻ മേഖലകളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കുക.
കേരള പ്ലാന്റേഷൻ ലേബർ വെൽഫെയർ മിഷൻ ചെയർമാൻ ഷിബു കെ. തമ്പി, ജനറൽ സെക്രട്ടറി പി. ടി. ശ്രീകുമാർ എന്നിവരാണ് ആഭ്യന്തര മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
