നാഗർകോവിൽ റെയിൽവെ യാർഡിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: പ്രതി അറസ്റ്റിൽ; കുറ്റസമ്മതം
BY:MURUKAN NAGARKOVIL
കന്യാകുമാരി: തമിഴ്‌നാട്ടിലെ നാഗർകോവിൽ ജംക്ഷൻ റെയിൽവെ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിനുള്ളിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കന്യാകുമാരി ചെമ്പകരാമൻപുതൂർ സ്വദേശിയായ അയ്യപ്പനെ (31) ആണ് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിനിലെ ഭിന്നശേഷിക്കാർക്കുള്ള കോച്ചിലാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി മർദിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് അയ്യപ്പൻ പൊലീസിനോട് വെളിപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
ദുർഗന്ധം വെളിപ്പെടുത്തിയ ക്രൂരത
നവംബർ 11-ന് തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലെത്തിയ 16366-ാം നമ്പർ ട്രെയിനിൻ്റെ ഹാൻഡ് ബ്രേക്കിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി 13-ാം നമ്പർ റെയിൽവെ യാർഡിലേക്ക് മാറ്റിയിരുന്നു. പണികൾ പൂർത്തിയാക്കി നവംബർ 18-ന് രാവിലെ എട്ട് മണിയോടെ കോട്ടയത്തേക്ക് സർവീസ് ആരംഭിക്കുന്നതിനായുള്ള ശുചീകരണ ജോലികൾ നടക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്.
പിൻഭാഗത്തെ ഭിന്നശേഷി കോച്ചിൽനിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതോടെ ശുചീകരണ തൊഴിലാളികൾ നടത്തിയ പരിശോധനയിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏകദേശം 35-നും 45-നും ഇടയിൽ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹം. മുഖം പൂർണമായും അഴുകിയ നിലയിലായിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചില്ല. മരണം നടന്ന് നാല് ദിവസത്തിലേറെയായിരുന്നെന്ന് വ്യക്തമായതോടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വഴിത്തിരിവായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സിസിടിവി ദൃശ്യങ്ങളും
ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ക്രൂരമായ ബലാത്സംഗ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. യുവതിയുടെ പെൽവിസ് ഭാഗത്തും വാരിയെല്ലുകളിലും ഗുരുതരമായ പൊട്ടലുകളുണ്ടായിരുന്നെന്നും ക്രൂരമായ മർദനവും ചവിട്ടേറ്റതുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ വ്യക്തമായി. ഇതോടെ റെയിൽവെ പൊലീസ് ഇൻസ്പെക്ടർ കാതറിൻ സുജാതയുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിക്കുകയും ക്യു ബ്രാഞ്ചിൻ്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കുകയും ചെയ്തു.
തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെയുള്ള സ്റ്റേഷനുകളിലെയും യാർഡ് പരിസരത്തെയും ഒരാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് സൂക്ഷ്മമായി പരിശോധിച്ചു. നവംബർ 14-ന് രാവിലെ എട്ട് മണിയോടെ വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ കോച്ചിൽനിന്ന് ഇറങ്ങിപ്പോകുന്ന നിർണായക ദൃശ്യം പൊലീസിന് ലഭിച്ചു. അഞ്ചാം പ്ലാറ്റ്‌ഫോമിനോട് ചേർന്ന് ഇയാളെ കണ്ട ദൃശ്യങ്ങൾ കൂടി കേന്ദ്രീകരിച്ച് നടത്തിയ വ്യാപക തിരച്ചിലിലാണ് അയ്യപ്പൻ വലയിലായത്.
അർധരാത്രിയിലെ ആക്രമണം
തിരുവനന്തപുരം, കന്യാകുമാരി, ചെന്നൈ, മധുര ഭാഗങ്ങളിലേക്ക് നിരവധി യാത്രക്കാരെത്തുന്ന തിരക്കേറിയ ജംക്ഷനാണ് നാഗർകോവിൽ. എന്നാൽ അറ്റകുറ്റപ്പണികൾക്കായി ട്രെയിനുകൾ മാറ്റുന്ന യാർഡ് ഭാഗത്തേക്ക് രാത്രികാലങ്ങളിൽ ആരും എത്താറില്ല. ഈ വിജനത മുതലെടുത്താണ് പ്രതി കൃത്യം നടത്തിയത്. നവംബർ 14-ന് പുലർച്ചെ 12.30-ഓടെ അഞ്ചാം പ്ലാറ്റ്‌ഫോമിന് സമീപമുണ്ടായിരുന്ന യുവതിയെ പ്രതി ബലമായി വലിച്ചിഴച്ച് ആളൊഴിഞ്ഞ കോച്ചിൽ എത്തിച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ നാല് മാസമായി പ്രദേശത്ത് നാടോടിയായി അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു അയ്യപ്പൻ. രണ്ട് വർഷം മുൻപ് ഗൗരവമുള്ള മോഷണക്കേസിൽ പ്രതിയായിരുന്ന ഇയാൾക്ക് ചില സാമൂഹികവിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. യുവതിയുടെ കൈവശമുണ്ടായിരുന്ന മോതിരം ഉത്തരേന്ത്യയിലെ ഒരു പ്രത്യേക വിഭാഗം ധരിക്കുന്ന തരത്തിലുള്ളതാണെന്ന സൂചനയുടെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
